കൊല്ലം റെയിൽവേ സ്റ്റേഷനിൽ പാളം തെറ്റി ആർ.എം.എസ് മാറ്റം!

Wednesday 11 March 2026 12:21 AM IST

ഡിവിഷൻ ഓഫീസ് ഗൗനിക്കുന്നില്ല

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ എയർപോർട്ട് മാതൃകയിൽ നവീകരിക്കുന്നതിന്റെ ഭാഗമായുള്ള എഫ് ബ്ലോക്ക് നിർമ്മാണം പ്രതിസന്ധിയിൽ. സ്റ്റേഷൻ വളപ്പിലെ റെയി​ൽവേ മെയി​ൽ സർവീസി​ന് (ആർ.എം.എസ്) പുതിയ സ്ഥലം അനുവദിച്ച് മാറ്റാത്തതാണ് തടസം.

ആർ.എം.എസ് കേന്ദ്രം ഒഴിപ്പിക്കണമെന്ന്, നവീകരണ പദ്ധതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ പലതവണ ആവശ്യപ്പെട്ടിട്ടും തിരുവനന്തപുരം ഡിവിഷൻ ഓഫീസ് മെല്ലെപ്പോക്ക് തുടരുകയാണ്.

എ മുതൽ എഫ് വരെയുള്ള ആറ് ബ്ലോക്കുകളായാണ് കൊല്ലം റെയിൽവേ സ്റ്റേഷൻ പ്രധാന സമുച്ചയ നിർമ്മാണം. ആദ്യ നാല് ബ്ലോക്കുകളുടെ നിർമ്മാണം പൂർത്തിയാകാറായി​. അഞ്ചാം ബ്ലോക്കിന്റെ നിർമ്മാണം ആരംഭിച്ചു. നിലവിൽ ആർ.എം.എസ് പ്രവർത്തിക്കുന്ന കെട്ടിടം പൊളിച്ചുനീക്കി അവിടെയാണ് ആറാമത്തെ ബ്ലോക്ക് നിർമ്മിക്കേണ്ടത്. മഴയ്ക്ക് മുൻപേ തന്നെ എഫ് ബ്ലോക്കിന്റെ പൈലിംഗ് പൂർത്തിയാക്കി പൈൽ ക്യാപ്പുകൾ നിർമ്മിക്കണം. കടൽ അടുത്തായതി​നാൽ മഴക്കാലത്ത് ചെറിയ ആഴത്തിൽ തന്നെ ശക്തമായ ഊറ്റുണ്ട്. അതുകൊണ്ട് പൈലിംഗിന് വേനൽ വരെ കാത്തിരിക്കണം.

മൂന്ന് മാസം മുൻപുതന്നെ റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും പഴയ വാടക കുടിശിക ചൂണ്ടിക്കാട്ടി തിരുവനന്തപുരം ഡിവിഷൻ ഓഫീസ്, ആർ.എം.എസിന് റെയിൽവേ സ്റ്റേഷനുള്ളിൽ പുതിയ സ്ഥലം നിഷേധിക്കുകയായി​രുന്നു. ഇതിനിടെ നിർമ്മാണം പൂർത്തിയാക്കിയ പാഴ്സൽ ഓഫീസ് കെട്ടിടം കരാർ കമ്പനി റെയിൽവേയ്ക്ക് കൈമാറി. ഇവിടെ പാഴ്സൽ ഓഫീസ് കഴിഞ്ഞ ദിവസം പ്രവർത്തനവും തുടങ്ങി. ഈ കെട്ടിടത്തിൽ ബാക്കിയുള്ള സ്ഥലം ആർ.എം.എസിന് നൽകണമെന്ന് കൺസ്ട്രക്ഷൻ വിഭാഗം ആവശ്യപ്പെട്ടിട്ടും തിരുവനന്തപുരം ഡിവിഷൻ ഓഫീസ് വഴങ്ങുന്നി​ല്ല.

............................................

 ആർ.എം.എസ് പ്രവർത്തിക്കുന്നത് താത്കാലിക ഷെഡിൽ

 ആർ.എം.എസിന് രണ്ട് കോടിയിലേറെ വാടക കുടിശിക

 പുറത്ത് സ്ഥലം നോക്കാൻ റെയിൽവേ  പ്രവർത്തന വേഗത്തിന് സ്റ്റേഷനുള്ളിൽ സ്ഥലം വേണം  പുറത്തേക്ക് പോകുന്നത് ഉരുപ്പടികളുടെ സുരക്ഷയ്ക്ക് ഭീഷണി