ഗണേശ് പ്രശ്നം: നടപടിയിൽ വീഴ്ചയില്ലെന്ന് പൊലീസ്

Wednesday 11 March 2026 1:44 AM IST

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേശ് കുമാറിന്റെ ഭാര്യ ബിന്ദു അടിയന്തര സേവന ഹെൽപ്പ് ലൈനായ 112ൽ വിളിച്ചതിലെ തുടർനടപടികളിൽ വീഴ്ചയില്ലെന്ന് പൊലീസ്. മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടത് മൊബൈലിൽ പകർത്തിയതിനെത്തുടർന്ന് മന്ത്രിയുടെ സ്റ്റാഫംഗങ്ങൾ അവരെ തടയുകയും മൊബൈൽ പിടിച്ചുവാങ്ങാൻ ശ്രമിക്കുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്തിരുന്നു. അതേത്തുടർന്ന് സഹായത്തിനായി 112ൽ വിളിച്ചപ്പോൾ സ്ഥലത്തെത്തിയ പൊലീസ് ഒരു നടപടിയുമെടുക്കാതെ തിരിച്ചുപോയെന്നാണ് ബിന്ദു ആരോപിച്ചത്. എന്നാൽ, പൊലീസ് സ്ഥലത്തെത്തിയപ്പോൾ കുടുംബ പ്രശ്നമാണെന്ന് ബിന്ദു അടക്കം പറഞ്ഞിരുന്നെന്നും അര മണിക്കൂറോളം സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷമാണ് പൊലീസ് മടങ്ങിയതെന്നും കൊല്ലം റൂറൽ എസ്.പി ഡി.ജി.പിക്ക് നൽകിയ വിശദീകരണത്തിൽ പറയുന്നു. പൊലീസ് വെറും കാഴ്ചക്കാരായി മടങ്ങിയെന്ന ആരോപണം ശരിയല്ലെന്നും വിശദീകരണത്തിൽ പറയുന്നു. വിഷയത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും മുൻ ഡി.ജി.പി ആർ. ശ്രീലേഖയ്ക്കുമെതിരെ യൂത്ത് കോൺഗ്രസ്‌ വർക്കിംഗ്‌ പ്രസിഡന്റ്‌ ബിനു ചുള്ളിയിൽ ഡി.ജി.പിക്ക്‌ പരാതി നൽകി. ഗുരുതരമായ കുറ്റം അറിഞ്ഞിട്ടും മറച്ചുവച്ചെന്നാണ് ആരോപണം.