സിവിൽ സർവന്റ്സ് ജനങ്ങളുമായി നേരിട്ട് സംവദിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ബ്രിട്ടീഷ് കാലഘട്ടത്തിന്റെ പിന്തുടർച്ചയായ ഉദ്യോഗസ്ഥാധിപത്യ രീതികളിൽ നിന്ന് മാറി, ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന രീതിയിലേക്ക് സിവിൽ സർവീസ് മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനാധിപത്യ കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയണമെന്നും കൂട്ടിച്ചേർത്തു. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളത്തിലെ സിവിൽ സർവീസ് ജേതാക്കൾക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാതൃഭാഷയെ ഭരണഭാഷയാക്കാനുള്ള ശ്രമങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്. ജനങ്ങളുടെ ഭാഷയിൽ സർക്കാർ വിനിമയം നടത്തിയാലേ ജനാധിപത്യം അർത്ഥവത്താവുകയുള്ളൂ. മതനിരപേക്ഷതയിലും മനുഷ്യത്വത്തിലും ഊന്നിയാവണം ഉദ്യോഗസ്ഥരുടെ പ്രവർത്തനം. ഭരണഘടനയുടെ അടിസ്ഥാന തത്വമായ മതനിരപേക്ഷതയിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ മാനുഷികമായ അന്തസോടെ ജനങ്ങളോട് ഇടപെടാൻ ഉദ്യോഗസ്ഥർക്കാവണം. സാങ്കേതികവിദ്യയുടെ അതിപ്രസരമുള്ള ഈ കാലഘട്ടത്തിലും യുവാക്കൾ പൊതുസേവന രംഗത്തേക്ക് കടന്നുവരുന്നത് ഏറെ സന്തോഷകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ നിന്ന് സിവിൽ സർവീസ് പരീക്ഷ വിജയിച്ച 47 പേർക്ക് മുഖ്യമന്ത്രി ഉപഹാരം നൽകി. മന്ത്രി ഡോ. ആർ.ബിന്ദു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക്, സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരള ഡയറക്ടർ ഇഷിതാ റോയ് തുടങ്ങിയവർ സംസാരിച്ചു.