നെന്മാറ ഇരട്ടക്കൊല: മൂന്നു സാക്ഷികൾ മൊഴി മാറ്റി

Wednesday 11 March 2026 1:22 AM IST

പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊല കേസിലെ വിചാരണയ്ക്കിടെ മൂന്നു സാക്ഷികൾ മൊഴി മാറ്റി. കേസിലെ പ്രതി ചെന്താമരയുടെ സഹോദരൻ, സഹോദരന്റെ ഭാര്യ, അയൽവാസി എന്നിവർ പൊലീസിന് നൽകിയ മൊഴിയാണ് കോടതിയിൽ മാറ്റി പറഞ്ഞത്. കൊലപാതകത്തിന് തലേദിവസം ചെന്താമര തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്ന മൊഴി ചെന്താമരയുടെ സഹോദരൻ രാധാകൃഷ്ണൻ കോടതിയിൽ നിഷേധിച്ചു.

രാധാകൃഷ്ണന്റെ ഭാര്യ രമയും അയൽവാസി പൊന്നുകുട്ടിയും പൊലീസിന് നൽകിയ മൊഴികളിൽ ചിലത് കോടതിയിൽ നിഷേധിച്ചു. തുടർന്ന് മൂന്നുപേരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പാലക്കാട് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലാണ് വിചാരണ തുടരുന്നത്.

2025 ജനുവരി 27നാണ് ചെന്താമര പോത്തുണ്ടി ബോയെൻ നഗർ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്. നേരത്തെ നെന്മാറ സജിതാ വധക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.