'ചങ്ങാതി'യിലൂടെ സാക്ഷരരായി 514 ഇതര സംസ്ഥാനത്തൊഴിലാളികൾ

Wednesday 11 March 2026 2:25 AM IST

മലപ്പുറം: സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കായുള്ള ചങ്ങാതി പദ്ധതിയിലൂടെ ഇതുവരെ മലയാളം എഴുതാനും വായിക്കാനും പഠിച്ചത് 514 പേർ. 2017ലാണ് ജില്ലയിൽ പദ്ധതി ആരംഭിച്ചത്. 'ഹമാരി' മലയാളം എന്ന ഡിജിറ്റൽ പാഠപുസ്തകം ഉപയോഗിച്ചാണ് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഭാഷാ പരിശീലനം നൽകുന്നത്. മലയാളം അറിയാത്തതിനാൽ ഇവിടെയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുകയാണ് ലക്ഷ്യം. ആഴ്ചയിൽ അഞ്ച് മണിക്കൂറാണ് ക്ലാസുണ്ടാവുക.

15 വയസിന് മുകളിലുള്ള ഇതര സംസ്ഥാന തൊഴിലാളികൾക്ക് പദ്ധതിയുടെ ഭാഗമാവാം. മൂന്ന് മാസമാണ് പഠന കാലാവധി. അക്ഷരമാലയും എഴുത്തും വായനയുമാണ് പ്രധാനമായും പഠിപ്പിക്കുന്നത്. കൂടാതെ, വ്യക്തി ശുചിത്വം, ആരോഗ്യം, സാമൂഹിക ബോധവത്ക്കരണം എന്നിവ സംബന്ധിച്ച് ക്ലാസുകളും നൽകും. ജോലിയെ ബാധിക്കാതിരിക്കാൻ താമസിക്കുന്ന സ്ഥലങ്ങൾക്കും തൊഴിലിടത്തിനും അടുത്തുള്ള പൊതു ഇടങ്ങളിലാണ് പഠന കേന്ദ്രം ഒരുക്കുന്നത്. 15 പേർക്ക് ഒരു ഇൻസ്ട്രക്ടർ എന്ന രീതിയിലാണ് പരിശീലനം. 2018ൽ പെരിന്തൽമണ്ണ നഗരസഭയിലാണ് പദ്ധതി ജില്ലയിൽ ആദ്യമായി ആരംഭിച്ചത്. അന്ന് 118 പേരാണ് സാക്ഷരരായത്. തുടർന്ന് അടുത്ത വർഷം തിരൂരങ്ങാടി നഗരസഭയിലും പദ്ധതി നടപ്പിലാക്കിയപ്പോൾ 191 പേരും സാക്ഷരരായി. കൊവിഡ്, പ്രളയ സമയത്ത് പദ്ധതി താൽക്കാലികമായി നിറുത്തി വച്ചിരുന്നെങ്കിലും പിന്നീട് പുനരാരംഭിക്കുകയായിരുന്നു.

ആകെ സാക്ഷരരായവർ - 514

മലയാളം സംസാരിക്കാനും കൈകാര്യം ചെയ്യാനും അറിഞ്ഞാൽ കേരളത്തിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് നാട്ടുകാരുമായും തൊഴിലുടമയുമായും ആശയവിനിമയം നടത്താൻ സാധിക്കും. ഓരോ പ്രദേശത്തെയും തൊഴിലാളികളുടെ എണ്ണം കണ്ടെത്താൻ പ്രത്യേക സർവ്വേ നടത്തുന്നുണ്ട്. എണ്ണത്തിനനുസരിച്ചാണ് ക്ലാസുകൾ ക്രമീകരിക്കുന്നത്.

സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.വി.ശാസ്ത പ്രസാദ്