റിലയൻസിന്റെ ലാഭം കൊയ്യുന്ന ബിസിനസിന്റെ ബുദ്ധികേന്ദ്രം; മേസ്വാനി കുടുംബത്തിലെ ഇളംതലമുറക്കാരന് അംബാനി നൽകുന്ന ശമ്പളം

Wednesday 11 March 2026 12:27 PM IST

50 വർഷത്തിനിടെ അമേരിക്കയിൽ പുതിയ എണ്ണ ശുദ്ധീകരണശാല നിർമിക്കുന്നതിനായി റിലയൻസ് ഇൻഡസ്ട്രീസ് ഒരു വമ്പൻ കരാറിലാണ് ഒപ്പുവച്ചിരിക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പ്രശംസിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 300 ബില്യൺ ഡോളറിന്റെ (ഏകദേശം 27.5 ലക്ഷം കോടി രൂപ) നിക്ഷേപമാണ് റിലയൻസ് അമേരിക്കയിൽ നടത്തുന്നതെന്നാണ് റിപ്പോർട്ട്.

ലോകത്തിലെ ഏ​റ്റവും വലിയ എണ്ണശുദ്ധീകരണശാലയും റിലയൻസിന്റെ കീഴിലാണ് പ്രവർത്തിക്കുന്നതെന്ന് മിക്കവർക്കും അറിയാമായിരിക്കും. ഗുജറാത്തിലെ ജാംനഗറിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രതിദിനം 1.24 ദശലക്ഷം ബാരൽ എണ്ണയാണ് ഇവിടെ സംസ്‌കരിക്കുന്നത്. എന്നാൽ ഇതിനുപിന്നിലെ ബുദ്ധികേന്ദ്രത്തെക്കുറിച്ച് അധികമാർക്കും അറിയില്ലായിരിക്കും. പുതിയ കണക്കുകളനുസരിച്ച് റിലയൻസ് ഇൻഡസ്ട്രീസിൽ നിന്നും ഏ​റ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഹിതാൽ മേസ്വാനിയാണ് എണ്ണശുദ്ധീകരണശാലയ്ക്കുപിന്നിലെ തലച്ചോറ്. വാർഷിക ശമ്പളമായി അദ്ദേഹത്തിന് ലഭിക്കുന്നത് 25 കോടി രൂപയാണ്.

1990 ൽ റിലയൻസ് ഇൻഡസ്ട്രീസിൽ ജോലി ആരംഭിച്ച ഹിതാൽ മെസ്വാനി 1995 മുതൽ ബോർഡിൽ ഉണ്ട്. യുഎസിലെ പെൻസിൽവാനിയ സർവകലാശാലയിൽ (യുപെൻ) മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ ചേർന്ന അദ്ദേഹം സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് അപ്ലൈഡ് സയൻസസിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ സയൻസ് ബിരുദവും വാർട്ടൺ ബിസിനസ് സ്കൂളിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ മറ്റൊരു ബാച്ചിലർ ബിരുദവും നേടി. റിലയൻസിനായി നിരവധി വൻ പദ്ധതികൾ വിജയകരമായി നടപ്പിലാക്കുന്നതിൽ പ്രധാനി ഹിതാൽ മേസ്വാനിയാണ്. ഹസിറ പെട്രോകെമിക്കൽസ്, ജാംനഗർ റിഫൈനറി സൈറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കമ്പനിയിലുടനീളം ഒരു ബിസിനസ് മാറ്റ സംരംഭത്തിനും അദ്ദേഹം നേതൃത്വം നൽകി,

ഹിതാൽ മേസ്വാനിയുടെ പിതാവ് രസിക്ലാൽ മേസ്വാനിയും കമ്പനിയുടെ ആദ്യകാല സ്ഥാപക ഡയറക്ടർമാരിൽ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ അമ്മ ത്രിലോചന മുകേഷ് അംബാനിയുടെ പിതാവ് ധീരുഭായ് അംബാനിയുടെ സഹോദരിയാണ്. ഹിതാൽ മേസ്വാനിയുടെ സഹോദരനായ നിഖിൽ മേസ്വാനിയും റിലയൻസിന്റെ വ്യവസായത്തിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്.