അന്ന് ബാത്ത്റൂമിലെ കപ്പിൽ അദ്ധ്യാപിക കുടിക്കാൻ വെള്ളം തന്നു, പാമ്പുപിടിത്തം കാരണം നഷ്ടങ്ങൾ മാത്രം'; ദുരനുഭവം പറഞ്ഞ് വാവ

Wednesday 11 March 2026 3:20 PM IST

കേരളത്തിലെ പ്രമുഖ പാമ്പുപിടുത്തക്കാരനാണ് വാവ സുരേഷ്. പാമ്പുകൾക്ക് അതിഥികളെന്ന വിശേഷണം നൽകിയതും അദ്ദേഹമാണ്. വാവ സുരേഷിനെതിരെ കഴിഞ്ഞ കുറച്ചുനാളുകളായി പലതരത്തിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ വാവ സുരേഷ് തന്റെ ജീവിതത്തിലുണ്ടായ മോശം അനുഭവങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്. പാമ്പുപിടുത്തം ലഹരിയാണെങ്കിലും അത് കാരണം ബാദ്ധ്യതകൾ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് വാവ സുരേഷ് ഇക്കാര്യങ്ങൾ അറിയിച്ചത്.

'പാമ്പിനെ പിടിക്കാൻ പോയ പലസ്ഥലങ്ങളിൽ നിന്നുള്ള മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വർഷങ്ങൾക്കുമുൻപ് ഞാൻ നെയ്യാ​റ്റിൻകരയിൽ ഒരു അദ്ധ്യാപികയുടെ വീട്ടിൽ പാമ്പിനെ പിടിക്കാനായി പോയിരുന്നു. അവർ പ്രിൻസിപ്പലായതിനുശേഷമാണ് റിട്ടയറായത്. മതിലുപൊളിച്ചാൽ മാത്രമേ പാമ്പിനെ പുറത്തെടുക്കാൻ സാധിക്കുള്ളൂ. രാവിലെ തുടങ്ങി ഉച്ചയ്ക്കാണ് അത് അവസാനിച്ചത്. ഒന്നും കഴിച്ചിട്ടില്ലായിരുന്നു. ചെറുപ്പം മുതൽക്കേ ഒരു വീട്ടിൽ നിന്നും ഞാൻ ആഹാരം കഴിക്കില്ല. ഞാൻ തളർന്നുപോയതുകൊണ്ട് അവരോട് കുടിക്കാൻ വെള്ളം ചോദിച്ചു. അവർ വീടിന്റെ പിറകിലുള്ള ബാത്ത്റൂമിൽ ഉപയോഗിച്ചിരുന്ന കപ്പിലാണ് എനിക്ക് വെള്ളം കൊണ്ടുവന്നത്. അവിടെ ജോലി ചെയ്തുകൊണ്ടിരുന്നയാളാണ് എന്നോട് ആ കാര്യം പറഞ്ഞത്. പിന്നീട് അത് കുടിച്ചില്ല.

മ​റ്റൊരു അനുഭവം എന്റെ ആത്മാർത്ഥ സുഹൃത്തിൽ നിന്നുമാണ് ലഭിച്ചത്. കുറേ വർഷങ്ങളായി ഞാൻ തിരുവോണത്തിന് സദ്യ കഴിക്കുന്നത് തിരുവനന്തപുരത്തെ ആനന്ദനിലയം എന്ന അനാഥമന്ദിരത്തിലാണ്. ഒരു വർഷം എന്റെ സുഹൃത്ത് തിരുവോണത്തിന് വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാനായി വിളിച്ചു. ഞാൻ പായസം മാത്രം കുടിക്കാമെന്ന് പറഞ്ഞു. സുഹൃത്ത് എന്നെ വീടിന്റെ വരാന്തയിലിരുത്തി. പായസം എടുത്തിട്ടുവരാമെന്ന് പറഞ്ഞു. അവിടെ ഞാൻ മുക്കാൽ മണിക്കൂറോളം കാത്തിരുന്നു. ആരെയും കണ്ടില്ല. ഞാൻ അടുക്കളയിലേക്ക് ചെന്നപ്പോൾ അവിടെയുള്ളവരെല്ലാം നിൽക്കുന്നത് കണ്ടു. അടുക്കളയിൽ നിറയെ ഗ്ലാസുകൾ ഇരിക്കുന്നുണ്ടായിരുന്നു. സുഹൃത്തിന്റെ മകൻ അടുക്കള വശം വഴി ഡിസ്‌പോസിബിൾ ഗ്ലാസ് വാങ്ങിക്കൊണ്ടുവരുന്നതും ഞാൻ കണ്ടു. ഞാനത് കുടിച്ചു. ശേഷം ആ ഗ്ലാസ് മടക്കി സ്വന്തം വീട്ടിൽ കൊണ്ടുപോയാണ് കളഞ്ഞത്. അതെല്ലാം അവരുടെ ഇടുങ്ങിയ മനസുകൊണ്ടായിരിക്കാം.

പാമ്പുകളെ പിടിക്കുന്നതുകൊണ്ട് എനിക്കൊരുപാട് നഷ്ടങ്ങളുണ്ടായിട്ടുണ്ട്. ചെറുപ്പത്തിൽ പാമ്പുപിടുത്തം തമാശയായിട്ടാണ് ഞാൻ കണ്ടിരുന്നത്. കണക്കുകൾ നിരത്താൻ കഴിയാത്ത അത്രയും നഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. അമ്മയെക്കാളും അച്ഛനേക്കാളും പാമ്പുപിടുത്തമാണ് എന്റെ ലഹരി. അതുകൊണ്ട് അവരെ പോലും കൃത്യമായി പരിചരിക്കാൻ കഴിയാതെ വന്നു. സഹോദരിയും ഇപ്പോൾ ചികിത്സയിലാണ്. അതും ഞാനാണ് ചെയ്യുന്നത്. രണ്ട് സഹോദരൻമാരുണ്ട്. ഒരുദിവസം അനിയത്തി തളർന്നുവീണു. ആ സമയം ഞാൻ വീട്ടിൽ ഇല്ലായിരുന്നു. അവളെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഒരു സഹോദരനോട് പറഞ്ഞപ്പോൾ ജോലിയിലാണെന്ന് പറഞ്ഞ് ഒഴിവായി. സത്യത്തിൽ സഹോദരൻ വീട്ടിൽ തന്നെയുണ്ടായിരുന്നു.

വാവ സുരേഷ് വലിയ സംഭവമാണെന്നാണ് ചിലർ പറയുന്നത്. പക്ഷെ അങ്ങനെയൊന്നുമല്ല. നിറയെ പാമ്പിനെ പിടിക്കുന്നുണ്ട്. എന്നാൽ ഒരു വരുമാനവും ഇതിൽ നിന്ന് കിട്ടുന്നില്ല. ഒരു തട്ടുകടയിലും ഞാൻ ജോലി ചെയ്യുന്നുണ്ട്. ഞാനൊരുപാട് സേവനപ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. എന്റെ കൈയിൽ പണമില്ലെങ്കിലും പലരിൽ നിന്നും കടംവാങ്ങി സേവനപ്രവർത്തനങ്ങൾ ചെയ്തു. അങ്ങനെ ഒരുപാട് കടമുണ്ടായി'- വാവ സുരേഷ് പറഞ്ഞു.