ആൺകുഞ്ഞ് ജനിക്കാനുള്ള സാദ്ധ്യത കുറയ്‌ക്കുന്നു, കാരണം അമിത ചൂട്; പുതിയ പഠന റിപ്പോർട്ട് പുറത്ത്

Wednesday 11 March 2026 4:50 PM IST

അന്തരീക്ഷത്തിലെ ഉയർന്നചൂട് ഭ്രൂണത്തിലെ ആൺപെൺ ലിംഗാനുപാതത്തെ സ്വാധീനിക്കാമെന്ന് പഠനം. ഓക്സ്‌ഫഡ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. താപനില ഉയരുമ്പോൾ ആൺകുട്ടികൾ ജനിക്കുന്നതിനുള്ള സാദ്ധ്യത കുറയുമെന്നും ഗവേഷണത്തിൽ കണ്ടെത്തി.

20 ഡിഗ്രിക്കും മുകളിലുള്ള താപനില ആൺ കുഞ്ഞുങ്ങളുടെ കുറഞ്ഞ തോതിലുള്ള ജനനവുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠന റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെയും 33 സബ് സഹാറൻ ആഫ്രിക്കയിലെയും 50 ലക്ഷത്തിലധികം ജനനങ്ങളെയും വിലയിരുത്തിയാണ് പഠനം നടത്തിയത്. പ്രൊസീഡിംഗ്സ് ഓഫ് ദ നാഷനൽ അക്കാദമി ഓഫ് സയൻസസാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.

ഉയർന്ന താപനില ഗർഭത്തിന്റെ ആദ്യ കാലയളവിൽ ഗ‌ർഭസ്ഥ ശിശു പ്രത്യേകിച്ച് ആൺകുഞ്ഞുങ്ങൾ മരിക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നതായി ഗവേഷകർ നീരിക്ഷിച്ചു. ഉയർന്ന താപനില അമ്മയ്ക്കുണ്ടാക്കുന്ന സമ്മ‌ർദ്ധത്തിൽ ഗർഭപാത്രത്തിലുള്ള കുഞ്ഞ് മരണപ്പെടാമെന്നും ഇതിനെ അതിജീവിക്കാനുള്ള കരുത്ത് പെൺകുഞ്ഞുങ്ങളെ അപേക്ഷിച്ച് ആൺകുട്ടികൾക്ക് കുറവാണെന്നും പഠനം വ്യക്തമാക്കുന്നു.

ഉയർന്ന ചൂട് ഗർഭം അലസാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് മുൻപ് നടത്തിയ പഠനങ്ങളും സ്ഥിരീകരിക്കുന്നു. അമ്മമാർക്കുണ്ടാകുന്ന നീർജലീകരണമാണ് അതിന് പ്രധാന കാരണം. നീർജലികരണം കാരണം ഗർഭസ്ഥ ശിശുവിന് ആവശ്യത്തിന് രക്തവും ഓക്സിജനും പോഷണങ്ങളും ലഭിക്കാത്ത അവസ്ഥയുണ്ടാക്കാം.