ഗ്യാസ് കിട്ടാക്കനി; ഹോട്ടലുകൾ പൂട്ടുന്നു ജില്ലയിൽ ഇന്നലെ മാത്രം പൂട്ടിയത് 100ലേറെ ഹോട്ടലുകൾ

Thursday 12 March 2026 2:17 AM IST

കൊച്ചി: ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ വാണിജ്യാവശ്യത്തിനുള്ള പാചകവാതകം ലഭിക്കാതായതിനേത്തുടർന്ന് ജില്ലയിലെ ഹോട്ടലുകളും ലഘു ഭക്ഷണശാലകളും അടച്ചു തുടങ്ങി. ഇന്നലെ മാത്രം ജില്ലയിലും എറണാകുളം നഗരത്തിലുമായി നൂറിലേറെ ഹോട്ടലുകളാണ് അടച്ചത്. സ്‌കൂളുകൾക്കും ആശുപത്രികൾക്കുമാണ് മുൻഗണന നൽകേണ്ടതെന്നും ഹോട്ടലുകൾക്ക് വാണിജ്യാവശത്തിനുള്ള സിലിണ്ടറുകൾ നൽകേണ്ടതില്ല എന്നുമുള്ള സംസ്ഥാന സർക്കാർ ഉത്തരവാണ് വെല്ലുവിളിയായത്.

പല ഹോട്ടലുകളും ഇന്നലെ ഉച്ചയ്ക്ക് മുൻപ് തന്നെ അടച്ചു. തട്ടുകടകളും മറ്റ് ലഘുഭക്ഷണശാലകളുമെല്ലാം പ്രതിസന്ധിയിലായി. സ്‌റ്റോക്കുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകളും മറ്റ് ഹോട്ടലുകളിൽ നിന്ന് കടംവാങ്ങിയ സിലിണ്ടറുകളും ഉപയോഗിച്ചിട്ടും പിടിച്ചുനിൽക്കാനാകാതെ വന്നതോടെയാണ് ഹോട്ടലുകൾ ഷട്ടറിട്ട് തുടങ്ങിയത്. ഗ്യാസ് ഏജൻസികളും കൈമലർത്തിയതോടെ ഹോട്ടലുടമകൾ ഹോട്ടൽ അടച്ചിടാൻ നിർബന്ധിതരായി.

ഹോട്ടലുകൾ അടയ്ക്കുന്നതോടെ മറ്റ് ജില്ലകളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലെത്തി ജോലി ചെയ്യുന്നവരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ പ്രതിസന്ധിയിലാകും. ഹോട്ടലുകളെ മാത്രം ആശ്രയിക്കുന്ന ഇവർ പകരം സംവിധാനം കണ്ടെത്താൻ പാടുപെടും

സമൃദ്ധിയിൽ വിറകടുപ്പ്

സിലിണ്ടറുകൾ കിട്ടാതായതോടെ തുച്ഛമായ തുകയിൽ നൂറ് കണക്കിനാളുകളുടെ വിശപ്പകറ്റുന്ന എറണാകുളം നോർത്തിലെ സമൃദ്ധിയും പ്രതിസന്ധിയിലായി. ഒന്നിലേറെ സിലിണ്ടറുകൾ ആവശ്യമുള്ള ഇവിടെ ഇന്നുമുതൽ വിറകടുപ്പിൽ പാചകം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. പ്രതിസന്ധിയുണ്ടെങ്കിലും പാചകം നിറുത്തില്ല.

വൻകിട ഹോട്ടലുകളും ബാറുകളും പെട്ടു

സാധാരണ വാണിജ്യ സിലിണ്ടർ ക്ഷാമത്തിലും പിടിച്ചുനിൽക്കാറുള്ള വൻകിട ഹോട്ടലുകളും ബാറുകളുമെല്ലാം ഇത്തവണ പെട്ടു. ദിവസം നിരവധി ഗ്യാസ് സിലിണ്ടറുകൾ വേണ്ട ഇവിടെ ഒന്നിലേറെ സിലിണ്ടറുകൾ സ്റ്റോക്കുള്ളതായിരുന്നു. എന്നാൽ, ഇത്തവണ സ്‌റ്റോക്കിരുന്ന സിലിണ്ടറുകളും തീർന്നതോടെ ഇത്തരം ഹോട്ടലുകളും അടച്ചിടേണ്ട അവസ്ഥയിലാണ്. താരമായി റോക്കറ്റ് സ്റ്റൗവ്

ഗ്യാസ് സിലിണ്ടർ ക്ഷാമത്തിനിടെ ഹോട്ടലുകൾ വിറകടുപ്പിലേക്ക് തിരിഞ്ഞതോടെ വിപണിയിലിപ്പോൾ താരം റോക്കറ്റ് സ്റ്റൗവുകളാണ്. പുകയില്ലാത്ത അടുപ്പിന് സമാനമാണിത്. തുടക്കത്തിൽ ചിരട്ട ഉപയോഗിച്ച് കത്തിക്കേണ്ടതും പിന്നീട് വിറക് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്നതുമാണ് റോക്കറ്റ് സ്റ്റൗവ്. കത്തിത്തുടങ്ങിയാൽ ബ്ലോവർ ഉപയോഗിച്ച് നിയന്ത്രിക്കാം. ഒരു ഫാനും സ്വിച്ചും റെഗുലേറ്ററും ഉപയോഗിച്ചാണ് ഇവ പ്രവർത്തിപ്പിക്കാനാകുക.

33,000, 39,000, 54,000 എന്നിങ്ങനെയാണ് വലിപ്പത്തിന് അനുസരിച്ച് ഇവയുടെ നിരക്ക്. എറണാകുളത്ത് ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രമാണ് ഇവ വില്പനയ്ക്കുള്ളത്. കോയമ്പത്തൂരാണ് ഈ അടുപ്പിന്റെ വ്യാപക വില്പന.