ആലുവ നിയോജകമണ്ഡലം: എൽ.ഡി.എഫിൽ അവസാനലാപ്പിൽ നസീറും റിയാസും
ആലുവ: സ്ഥാനാർത്ഥി നിർണയചർച്ചകൾ അവസാനഘട്ടത്തിലെത്തിയപ്പോൾ ആലുവയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിപ്പട്ടികയിൽ അഡ്വ.എ.കെ.നസീറും അഡ്വ.എ.ജെ.റിയാസും മാത്രമെന്ന് സൂചന. സംസ്ഥാനക്കമ്മിറ്റിക്ക് അഡ്വ.എ.കെ.നസീറിന്റെ പേരാണ് പോയതെങ്കിലും സെക്രട്ടേറിയറ്റിൽ അഡ്വ.എ.ജെ.റിയാസിന്റെ പേരുകൂടി ഉയർന്നു. തുടർന്ന് വീണ്ടും ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം തേടിയപ്പോൾ റിയാസിന് അനുകൂലമാണ് നിലപാടെന്നാണ് വിവരം. നാളെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അന്തിമതീരുമാനം ഉണ്ടായേക്കും. എസ്.എഫ്.ഐ മുൻ ഏരിയ സെക്രട്ടറിയാണ് റിയാസ്.
സി.പി.എമ്മിന്റെ സ്ഥാനാർത്ഥി നിർണയചർച്ചകളിൽ പലഘട്ടങ്ങളിലായി എ.കെ.നസീർ, ഏരിയാ സെക്രട്ടറി എ.പി.ഉദയകുമാർ, കെ.കെ.നാസർ, ടി.വി.പ്രദീഷ് എന്നിവരുടെ പേരുകൾ ഉയർന്നിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റിൽ റിയാസിന്റെ പേര് മന്ത്രി പി. രാജീവാണ് നിർദ്ദേശിച്ചത്. 2021ലും റിയാസിന്റെ പേര് ഉയർന്നെങ്കിലും അന്ന് കോൺഗ്രസ് നേതാവായിരുന്ന മുൻ എം.എൽ.എ കെ. മുഹമ്മദാലിയുടെ മരുമകൾ ഷെൽന നിഷാദിനാണ് നറുക്കുവീണത്.
30 വർഷത്തോളം ബി.ജെ.പി നേതാവായിരുന്ന എ.കെ. നസീർ മൂന്നുവർഷംമുമ്പ് സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് രാജിവച്ച് സി.പി.എമ്മിലെത്തിയത്. പറമ്പയത്തെ ഇന്നേറ്റ് കൺവെൻഷൻ സെന്ററിന്റെ ഉടമയാണ്. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന റിയാസിനെ അടുത്തിടെ ജില്ലാ കമ്മിറ്റിയിലെ ചേരിപ്പോരിനെത്തുടർന്ന് സ്ഥാനത്തുനിന്ന് നീക്കി. ആലുവ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയാണ്. റിയാസിനെ സ്ഥാനാർത്ഥിയാക്കിയാൽ വ്യാപാരികളുടെ പിന്തുണകൂടി ലഭിക്കുമെന്നാണ് സി.പി.എമ്മിന്റെ പ്രതീക്ഷ.
യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്ത് തന്നെയാകും. അന്തിമതീരുമാനം ആയില്ലെങ്കിലും അട്ടിമറികൾ പ്രതീക്ഷിക്കുന്നില്ല. ബി.ജെ.പി സ്ഥാനാർത്ഥിയാകാൻ സാദ്ധ്യത അഡ്വ. എം.എ വിനോദിനാണ്. ആലുവ ബാർ അസോസിയേഷൻ മുൻ സെക്രട്ടറിയും ബി.ജെ.പി തൃശൂർ ജില്ലാ പ്രഭാരിയുമാണ്.