ലോകകപ്പിലില്ലാത്തതിന്റെ കലിപ്പ് തീർത്തത് പാകിസ്ഥാനോട്; ' അഫ്രീദിയെയും സംഘത്തെയും എറിഞ്ഞുടച്ച് ബംഗ്ലാദേശ്
ധാക്ക: ബംഗ്ലാദേശിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയില്‍ തോല്‍വിയോടെ തുടങ്ങി പാകിസ്ഥാന്‍. ലോകകപ്പ് കളിക്കാൻ കഴിയാത്തതിന്റെ സങ്കടവും ദേഷ്യവും ബംഗ്ലാദേശ് തീർത്തത് പാകിസ്ഥാനോട്. ടൂർണമെന്റിൽ നിന്ന് പുറത്തായ പാകിസ്ഥാന്, ലോകകപ്പ് യോഗ്യത പോലും നേടാനാകാത്ത ബംഗ്ലാദേശിന്റെ വക എട്ടിന്റെ പണിയാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. ആദ്യ ഏകദിനത്തിൽ 114 റൺസിന് പാകിസ്ഥാനെ എറിഞ്ഞൊതുക്കിയ ബംഗ്ലാദേശ് എട്ട് വിക്കറ്റിന്റെ ജയവുമായാണ് പാക് നിരയെ നാണംകെടുത്തിയത്.
ടോസ് നേടി പാകിസ്ഥാനെ ബാറ്റിംഗിന് അയച്ച ബംഗ്ലാദേശിന്റെ തീരുമാനം ശരിയായിരുന്നുവെന്ന് പാക് ബാറ്റർമാർ തന്നെ തെളിയിച്ചു. ലോകോത്തര താരങ്ങളെന്ന് സ്വയം വിശേഷിപ്പിക്കുന്ന റിസ്‌വാനും അഫ്രീദിയും മെഹ്‌ദിഹസനും സംഘത്തിന്റെയും മുന്നിൽ വെറും കാഴ്ചക്കാരായി. യുവപേസർ നഹീദ് റാണ പാക് നിരയെ വട്ടം കറക്കി അഞ്ച് വിക്കറ്റുകളാണ് എറിഞ്ഞു വീഴ്ത്തിയത്. റിസ്‌വാനെയും സൽമാൻ ആഗയെയും റാണയുടെ പന്തിന് മുന്നിൽ പതറുന്ന കാഴ്ചയാണ് ധാക്കയിൽ കണ്ടത്.
മുപ്പത് ഓവർ തികച്ചു കളിക്കാൻ പോലും പാക് നിരയ്ക്ക് കഴിഞ്ഞില്ല. 37 റൺസെടുത്ത ഫഹീം അഷ്റഫ് ഇല്ലായിരുന്നെങ്കിൽ പാകിസ്ഥാൻ സ്‌കോർ രണ്ടക്കം കടക്കില്ലായിരുന്നു. പാകിസ്ഥാൻ ഉയർത്തിയ 115 റൺസ് വിജയ ലക്ഷ്യം ബംഗ്ലാദേശ് അനായാസം മറികടക്കുകകയായിരുന്നു. 67 റൺസുമായി പുറത്താകാതെ നിന്ന തൻസിദ് ഹസൻ പാക് ബൗളർമാരെ തകർത്തടിച്ചു. ഷാഹീൻ അഫ്രീദിയുടെ പന്തുകൾക്ക് തൻസിദിന്റെ ബാറ്റിൽ നിന്ന് മറുപടി സിക്സറുകളായിരുന്നു. വെറും 15.1 ഓവറിൽ ബംഗ്ലാദേശ് ലക്ഷ്യം പൂർത്തിയാക്കി.