ദേശീയപാതയിൽ സമാന്തര ഉദ്ഘാടനം പൊരിവെയിലിൽ 28 കിലോമീറ്റർ മന്ത്രിയുടെ റോഡ് ഷോ

Thursday 12 March 2026 12:01 AM IST
ദേ​ശീ​യ​പാ​ത​ ​ഉ​ദ്ഘാ​ട​ന​ ​ച​ട​ങ്ങി​ലേ​ക്ക് ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പി​നെ​യും​ ​മ​ന്ത്രി​യെ​യും​ ​ക്ഷ​ണി​ക്കാ​ത്ത​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​മ​ന്ത്രി​ ​മു​ഹ​മ്മ​ദ് ​റി​യാ​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​രാ​മ​നാ​ട്ടു​ക​ര​ ​-​ ​വെ​ങ്ങ​ളം​ ​ദേ​ശീ​യ​പാ​ത​യി​ൽ​ ​ന​ട​ത്തി​യ​ ​റോ​ഡ് ​ഷോ ഫോട്ടോ : രോ​ഹി​ത്ത് ​ത​യ്യിൽ

കോഴിക്കോട്: ദേശീയപാത ഉദ്‌ഘാടനത്തിൽ നിന്ന് പൊതുമരാമത്ത്‌ മന്ത്രിയെ ഒഴിവാക്കിയെന്ന് ആരോപിച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ നടന്ന റോഡ് ഷോ വേറിട്ട പ്രതിഷേധമായി. പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുന്നതിന് മുമ്പായിരുന്നു റോഡ്ഷോ. രാമനാട്ടുകര-വെങ്ങളം റീച്ചിലെ 28 കിലോമീറ്റർ സഞ്ചരിച്ചായിരുന്നു തീപാറുന്ന വെയിലിനെ കൂസാതെയുള്ള പ്രതിഷേധ യാത്ര. രാമനാട്ടുകര ബെെപാസ് ജംഗ്ഷനിൽ നിന്നായിരുന്നു തുടക്കം. ഇരുചക്രവാഹനങ്ങളിലും മറ്റുമായി നിരവധി പ്രവർത്തകർ പങ്കെടുത്തു. റോഡ്‌ ഷോ കടന്നുപോയ വഴികളിലും എക്‌സിറ്റുകളിലും അഭിവാദ്യങ്ങളുമായി എൽ.ഡി.എഫ്‌ പ്രവർത്തകരെത്തി. എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, സി.പി.എം ജില്ല സെക്രട്ടറി എം. മെഹബൂബ് , കെ.ദാസൻ, എം.ഗിരീഷ് , സി.പി മുസാഫർ അഹമ്മദ് , പി.നിഖിൽ, ടി.രാധാഗോപി , മുരളി മുണ്ടെങ്ങാട്ട് തുടങ്ങിയവർ അനുഗമിച്ചു.

ജനാധിപത്യത്തിൽ എല്ലാവരെയും ഉൾക്കൊള്ളണം: മന്ത്രി

കോഴിക്കോട് : ജനാധിപത്യത്തിൽ എല്ലാവരെയും ഉൾക്കൊള്ളണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ചൂരൽമലയിൽ വീടുകൾ കൈമാറുന്ന ചടങ്ങിൽ ഉദ്ഘാടകനായ മുഖ്യമന്ത്രിയെ കൂടാതെ ചുമതലയുള്ള മൂന്നു മന്ത്രിമാരുണ്ടായിരുന്നു. എന്നാൽ ജില്ലയുടെ ചുമതലയുള്ള മന്ത്രിയും സ്ഥലം എം.എൽ.എയും സംസാരിക്കണമെന്നാണ് സർക്കാർ തീരുമാനിച്ചത്. ഇതുപോലുള്ള സമീപനമാണ് സ്വീകരിക്കേണ്ടത്. ഒരു സംസ്ഥാന സർക്കാർ ആദ്യമായാണ് ദേശീയപാത വികസനത്തിന് പണം മുടക്കുന്നത്. ഈ തുക കേന്ദ്രസർക്കാർ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയപ്പോൾ ഏകദേശം 12,000 കോടിയോളമായി. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ഉൾപ്പെടെ പലതവണ ഇടപെട്ടാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയും ദേശീയപാത അതോറിറ്റി റീജിയണൽ ഓഫീസറും പലതവണ അഭിനന്ദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.