പെരുമ്പാവൂരിലെ അവസാന നെയ്ത്തു കേന്ദ്രവും പൂട്ടി; പ്രതിഷേധവുമായി ബി.ജെ.പി
പെരുമ്പാവൂർ: കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷന്റെ പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ അവസാനത്തെ നെയ്ത്തു കേന്ദ്രമായ ചേരാനല്ലൂർ പനമ്പ് നെയ്ത്തു കേന്ദ്രവും അടച്ചുപൂട്ടി. ഏഴ് വർഷം മുമ്പ് 25 ലക്ഷം രൂപ ചെലവിട്ട് കെട്ടിടവും യന്ത്രസംവിധാനങ്ങളും ഒരുക്കിയ കേന്ദ്രമാണ് അധികൃതരുടെ അവഗണനയെത്തുടർന്ന് പൂട്ടിയത്. ഈറ്റ കൃത്യസമയത്ത് ലഭ്യമാകാത്തതിനാൽ കഴിഞ്ഞ ഏഴ് വർഷത്തിനിടെ 500 പ്രവൃത്തി ദിവസം പോലും ഇവിടെ ഉണ്ടായിട്ടില്ല. വൈവിദ്ധ്യവത്കരണത്തിന്റെ പേരിൽ ലക്ഷക്കണക്കിന് രൂപ അധികമായി ചെലവിട്ടിട്ടും കേന്ദ്രത്തിന്റെ പ്രവർത്തനം കാര്യക്ഷമമായില്ലെന്നും ആക്ഷേപമുണ്ട്. 1970കളിൽ നെയ്ത്തുകാരെ ചൂഷണത്തിൽ നിന്ന് രക്ഷിക്കാൻ രൂപീകരിച്ച ബാംബൂ കോർപ്പറേഷന്റെ പ്രവർത്തനം നിലവിൽ അങ്കമാലി മണ്ഡലത്തിലെ ചുരുക്കം ചില കേന്ദ്രങ്ങളിൽ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. കൂവപ്പടി, ഒക്കൽ, മലയാറ്റൂർ-നീലീശ്വരം, കാലടി പഞ്ചായത്തുകളിലെ നൂറുകണക്കിന് നെയ്ത്ത് തൊഴിലാളികളുടെ ഉപജീവനമാർഗമാണ് ഇതോടെ ഇല്ലാതായത്. അടച്ചുപൂട്ടിയ കേന്ദ്രങ്ങളിലെ തൊഴിലാളികൾക്ക് യാതൊരുവിധ ആനുകൂല്യങ്ങളും ഇതുവരെ നൽകിയിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് ചേരാനല്ലൂരിലെ നെയ്ത്തു കേന്ദ്രത്തിന് മുന്നിൽ ബി.ജെ.പി പ്രവർത്തകർ റീത്ത് വച്ചു. ബി.ജെ.പി എറണാകുളം നോർത്ത് ജില്ല ന്യൂനപക്ഷ മോർച്ച ജനറൽ സെക്രട്ടറി ദേവച്ചൻ പടയാട്ടിൽ പ്രതിഷേധത്തിന് നേതൃത്വം നൽകി.
വയോധികരടക്കമുള്ള പനമ്പ് നെയ്ത്ത് തൊഴിലാളികളുടെ ആനുകൂല്യങ്ങളും പെൻഷനും അടിയന്തരമായി വിതരണം ചെയ്യണം ദേവച്ചൻ പടയാട്ടിൽ
ബി.ജെ.പി