കനാൽ കര കവിഞ്ഞു വീടുകളിൽ വെള്ളം കയറി

Thursday 12 March 2026 1:40 AM IST
കെ ഐ പി കനാലിൽ വെള്ളം വലിയ അളവിൽ തുറന്നു വിട്ടതോടെ അറുകാലിക്കലിൽ വീടുകളിലേക്ക് അപകടകരമായ രീതിയിൽ വെള്ളം കയറുന്നു

ഏഴംകുളം : കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി കെ.ഐ.പി കനാൽ തുറന്നുവിട്ടത് ദുരിതമായി. കനാൽ കരകവിഞ്ഞ് സമീപമുള്ള വീടുകളിൽ വെള്ളം കയറി. ഏഴംകുളം ടൗൺ വാർഡിൽ അറുകാലിക്കൽ പ്രദേശത്ത് ചാങ്ങയിൽ ദേവീക്ഷേത്രത്തിനു സമീപമാണ് സംഭവം. കനാൽ പാലത്തിന് താഴെയുള്ള വീടിന്റെ മുറ്റത്ത് വെള്ളം കെട്ടിക്കിടക്കുകയാണ്. ചിലയിടത്ത് വീടിന്റെ അടുക്കള വരെ വെള്ളം ചെല്ലുന്നു .കനാലിലെ വെള്ളം റോഡിനടിയിലൂടെയാണ് ഇവിടേക്ക് എത്തുന്നത്. .ഓരോ മണിക്കൂറിലും വെള്ളത്തിന്റെ അളവ് കൂടുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വീടുകളിൽ കയറാൻ കഴിയാത്ത സാഹചര്യമാണ്. വെള്ളം കയറുമെന്ന ആശങ്ക രൂക്ഷമായതോടെ മൈത്രി നഗർ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ വാർഡ് മെമ്പറെ വിവരമറിച്ചിരുന്നു. തുടർന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് ഇ.എ ലത്തീഫും അടൂരിൽ നിന്നുള്ള കെ.ഐ.പി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വെള്ളം കയറിയ വീടുകൾ സന്ദർശിച്ചു. ജലക്ഷാമം രൂക്ഷമായതിനാൽ വെള്ളം തുറന്നു വിടുന്നത് നിറുത്താൻ കഴിയില്ലെന്ന് അധികൃതർ പറഞ്ഞു. തത്കാലം വീട്ടുകാരെ മാറ്റിപാർപ്പിക്കാനും നി‌ർദ്ദേശിച്ചു.

കനാൽ വൃത്തിയാക്കിയില്ല

കനാൽ വൃത്തിയാക്കാതെ വെള്ളം തുറന്നുവിട്ടതാണ് കരകവിയാൻ കാരണം. കനാൽ വൃത്തിയാക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും കെ.ഐ.പി കരാർ നൽകിയിട്ടുണ്ട്. പക്ഷേ കരാറുകാരൻ പണി നടത്തിയില്ല. കർശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മുന്നറിയിപ്പില്ലാതെയാണ് കനാൽ തുറന്നുവിട്ടത്. ചാങ്ങയിൽ ക്ഷേത്രത്തിനു സമീപമുള്ള ഭഗവതി വിലാസത്തിൽ പുഷ്പലതയുടെ വീടിന്റെ ഒരു വശത്ത് വലിയ തോതിൽ വെള്ളം കെട്ടികിടക്കുകയാണ്.നേരത്തെ ആളുകൾ കനാൽ വെള്ളത്തിൽ വീണ് മരിച്ച സംഭവങ്ങളും ഇവിടെയുണ്ട്.

പഞ്ചായത്ത് ഭരണസമിതിയുമായി ആലോചിച്ച് പ്രശ്നം പരിഹരിക്കാൻ അടിയന്തര ഇടപെടൽ നടത്തും.

രജനി ബിജു (വാർഡ് മെമ്പർ)​