ചെറുകിട വ്യവസായ മേഖലയിൽ സംസ്ഥാനത്തിന് വൻകുതിപ്പ്

Thursday 12 March 2026 12:51 AM IST
c

കൊച്ചി: ചെറുകിട വ്യവസായ മേഖലയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനം വൻ കുതിപ്പ് നേടിയതായി മന്ത്രി പി. രാജീവ്. കൗമുദി ടിവി സംഘടിപ്പിച്ച 'വ്യവസായ വകുപ്പിന്റെ അഞ്ച് വർഷങ്ങൾ' എന്ന എം.എസ്.എം.ഇ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മുമ്പ് എം.എസ്.എം.ഇ മേഖലയ്‌ക്ക് ബാങ്കുകൾ നൽകിയിരുന്ന ആകെ വായ്പ 48,000കോടി ആയിരുന്നത് എൽ.ഡി.എഫ് ഭരണത്തിൽ ഒരു ലക്ഷം കോടിയായി ഉയർന്നു. സർക്കാർ എല്ലാക്കാലത്തും എം.എസ്.എം.ഇകൾക്ക് പൂർണ പിന്തുണ നൽകി. എം.എസ്.എം.ഇ മേഖലയിൽ ഉൾപ്പെടെ സംസ്ഥാനത്തിന്റെ മികവ് തുടരണോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും മന്ത്രി പറഞ്ഞു.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള പുരസ്‌കാര വിതരണവും മന്ത്രി നിർവഹിച്ചു. ഗ്ലോബൽ കേരള എം.എസ്.എം.ഇ അവാർഡിന് അർഹനായ അഗാപ്പേയ്ക്ക് വേണ്ടി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പോൾ എബ്രഹാം, എം.എസ്.എം.ഇ ഒഫ് ദി ഇയർ പുരസ്‌കാരത്തിന് അർഹനായ ഹോൾമാർക്ക് ഒപ്‌റ്റോ മെക്കട്രോണിക്‌സിനു വേണ്ടി ഡയറക്ടർ ഉണ്ണികൃഷ്ണക്കുറുപ്പ്, എം.എസ്.എം.ഇ എനേബ്ലർ ബാങ്ക് ഒഫ് ദി ഇയർ പുരസ്‌കാരം നേടിയ ബാങ്ക് ഒഫ് ബറോഡയ്ക്ക് വേണ്ടി ജനറൽ മാനേജരും സോണൽ ഹെഡുമായ ഡി. പ്രജിത്ത്, ജനറൽ ട്രേഡ് പുരസ്‌കാരം നേടിയ ഷിബു സ്റ്റോഴ്‌സിനു വേണ്ടി മാനേജിംഗ് ഡയറക്ടർ ഷിബു ഗോപാലൻ, എം.എസ്.എം.ഇ എനേബ്ലർ എഡ്യൂക്കേഷൻ പുരസ്‌കാരം നേടിയ എ വൺ ഏവിയേഷൻ ആൻഡ് മറൈൻ അക്കാഡമിക്കു വേണ്ടി പ്രിൻസിപ്പലും മാനേജിംഗ് ഡയറക്ടറുമായ പി.എൻ. ശശിധരൻ എന്നിവർ മന്ത്രിയിൽ നിന്ന് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

മന്ത്രി രാജീവിനുള്ള കേരളകൗമുദിയുടെ സ്‌നേഹോപഹാരം കൗമുദി ടിവി ചീഫ് മാർക്കറ്റിംഗ് ഓഫീസർ ഷൈൻ സഖറിയ, കേരളകൗമുദി ബിസിനസ് എഡിറ്റർ ബി. സുനേഷ് എന്നിവർ ചേർന്ന് സമർപ്പിച്ചു. ചടങ്ങിൽ ബി.സുനേഷ് അദ്ധ്യക്ഷനായി. കേരളകൗമുദി കൊച്ചി ബ്യൂറോ ചീഫ് ടി.കെ. സുനിൽ കുമാർ സ്വാഗതവും ഷൈൻ സഖറിയ നന്ദിയും പറഞ്ഞു.

പാനൽ ചർച്ചയിൽ മുതിർന്ന മാദ്ധ്യമ പ്രവർത്തകനും എക്‌സ്.ആർ ഹൊറൈസൺ സി.ഇ.ഒയുമായ ഡെൻസിൽ ആന്റണി മോഡറേറ്ററായി. വർമ്മ ആൻഡ് വർമ്മ സീനിയർ പാർട്ണറും ടൈ കേരള പ്രസിഡന്റുമായ വിവേക് കൃഷ്ണ ഗോവിന്ദ്, കെ.എസ്.എസ്.എ.ഐ സംസ്ഥാന പ്രസിഡന്റ് എ.നിസാറുദ്ദീൻ, വൈറ്റ് ടൈഡ് കൺസൾട്ടൻസി ഗ്രൂപ്പ് കോ ഫൗണ്ടർ കെ. സംഗീത്, ജില്ലാ വ്യവസായകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ പി. സ്വപ്ന എന്നിവർ പങ്കെടുത്തു.