മെഡിക്കൽ കോളേജിൽ വ്യാജ ബോംബ് ഭീഷണി

Thursday 12 March 2026 12:08 AM IST
ബോംബ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണിയെ തുടർന്ന് ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തി. മെഡിക്കൽ കോളേജ് ഓഫീസ്, കാഷ്വാലിറ്റി, ഐ.എം.സി.എച്ച് ഓഫീസ് , പാർക്കിംഗ് ഏരിയ, വാഹനങ്ങൾ എന്നിവിടങ്ങളിലെല്ലാം പരിശോധന നടന്നെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഇന്നലെ രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് 12 മണി വരെ പരിശോധന തുടർന്നു. പ്രിൻസിപ്പലിന്റെ ഇ മെയിലിലാണ് ബോംബ് ഭീഷണിയെത്തിയത്. കഴിഞ്ഞ ജനുവരിയിലും ഇ മെയിൽ വഴി ഭീഷണി ഉണ്ടായിരുന്നു. മുൻ എൽ.ടി.ടി.ഇ, കാശ്മീർ ഐ.എസ്.കെ.പി (ഇസ്ലാമിക് സ്റ്റേറ്റ്- കൊറാസൻ പ്രൊവിൻസ്) അംഗങ്ങൾ ചാവേറുകളായെത്തി സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി. മുഹമ്മദ് വിക്രം രാജ് ഗുരുവെന്ന ഇ-മെയിൽ വിലാസത്തിൽ നിന്നാണ് സന്ദേശമെത്തിയത്. കഴിഞ്ഞ ദിവസം കോഴിക്കോട് കോടതിയിലും വെസ്റ്റ് ഹിൽ പോസ്റ്റോഫീസിലും വ്യാജ ബോംബ് ഭീഷണിയുണ്ടായിരുന്നു. കണ്ണൂർ ഉൾപ്പെടെ മറ്റ് ചില ജില്ലകളിലും ഭീഷണിയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

സ്ഥിരം ബോംബ് ഭീഷണി

കോഴിക്കോട്ടെ മാളുകൾ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ ബോംബ് ഭീഷണി സ്ഥിരമായി ഉണ്ടാകുന്നുവെന്ന് പൊലീസ് പറഞ്ഞു. മെഡിക്കൽ കോളേജിൽ ഇത് രണ്ടാംവട്ടമാണ് ബോംബ് ഭീഷണി. ഷോപ്പിംഗ് മാളുകളിലെയും റെയിൽവേ സ്റ്റേഷനുകളിലെയും പോലെയല്ല, ആശുപത്രിയിലെ ഭീഷണി. രോഗികളെ മാറ്റുന്നത് പ്രായോഗികമല്ല. മന:പൂർവം ബുദ്ധിമുട്ടിക്കുകയാണ് അയക്കുന്നവരുടെ ലക്ഷ്യമെങ്കിലും ഇത്തരം ഭീഷണികളെ അവഗണിക്കാനുമാകില്ല.