എയിംസിൽ വിവേചനം പാടില്ല: ഹൈക്കോടതി കേന്ദ്രം നിലപാട് അറിയിക്കണം
കൊച്ചി: കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തിൽ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദ്ദേശം. എയിംസിനായി കേരളം എത്രനാൾ കാത്തിരിക്കണം? എവിടെ അനുവദിക്കും എന്നതിലല്ല, അനുവദിക്കുമോ എന്നതിലാണ് വ്യക്തത വേണ്ടതെന്നും കോടതി പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളിലും എയിംസ് എന്നത് പ്രഖ്യാപിത നയമായിട്ടും പത്തുവർഷത്തിലേറെയായി നടപടിയില്ലാത്തത് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്.
ഓൾ ഇന്ത്യ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് അനുവദിക്കുന്നത് കേന്ദ്ര സർക്കാരിന്റെ നയപരമായ കാര്യമാണെന്നും കേരളത്തിൽ അനുവദിക്കുന്നതിൽ മന്ത്രിസഭ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നുമാണ് ഓൺലൈനിൽ ഹാജരായ ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി അങ്കിത മിശ്ര അറിയിച്ചത്. അതിനാൽ സാദ്ധ്യതാ പഠനം നടത്താനാകില്ലെന്നും വിശദീകരിച്ചു.
നയതീരുമാനത്തിന്റെ മാനദണ്ഡങ്ങൾ എന്തെന്നു ചോദിച്ച കോടതി വിവേചനം പാടില്ലെന്നും പറഞ്ഞു.
എയിംസിനായി നാലു സ്ഥലങ്ങൾ 2016ൽ നിർദ്ദേശിച്ചതായി കോടതി ചൂണ്ടിക്കാട്ടി. കിനാലൂരിലെ സ്ഥലം കേന്ദ്രമാർഗരേഖയ്‌ക്ക് ചേർന്നതാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മേയിൽ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇക്കാര്യത്തിൽ നിലപാട് എന്താണെന്ന് അറിയിക്കണം.
എയിംസിനായി പരിഗണിക്കുന്ന സ്ഥലങ്ങളിൽ കാസർകോടിനെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കാസർകോട് ജനകീയ കൂട്ടായ്മ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.
സത്യവാങ്മൂലം ഫയൽ ചെയ്യാൻ ഡെപ്യൂട്ടി സോളിസ്റ്റർ ജനറൽ ഒ.എം. ശാലീന സമയം തേടിയതിനെ തുടർന്ന് വിഷയം രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.
1000 കോടി വേണം 22 സംസ്ഥാനങ്ങളിൽ എംയിംസ് അനുവദിച്ചെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. 18 എണ്ണം പ്രവർത്തനം തുടങ്ങി. നാലെണ്ണം നിർമ്മാണഘട്ടത്തിലാണ്. ഇതിനുശേഷമായിരിക്കും പുതിയവ അനുവദിക്കുന്നതിൽ തീരുമാനം. എയിംസ് സ്ഥാപിക്കാൻ 1000 കോടിയോളം രൂപ ചെലവ് വരും. അതിനാലാണ് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം വേണ്ടതെന്നും ജോയിന്റ് സെക്രട്ടറി വിശദീകരിച്ചു. കേന്ദ്ര സർക്കാർ ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി വഴി സത്യവാങ്മൂലം ഫയൽ ചെയ്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.