പന്നിയങ്കര ടോൾ പ്ലാസയിൽ സൗജന്യ പ്രവേശനപാസിന്റെ പേരിൽ പിടിച്ചുപറി

Thursday 12 March 2026 1:22 AM IST
എറണാകുളം-കോയമ്പത്തൂർ ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ലാസ.

വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നും അനധികൃതമായി പണം വസൂലാക്കുന്നതായി പരാതി. സൗജന്യ പ്രവേശന പാസിന്റെ മറവിലാണ് പിടിച്ചുപറി. കൃത്യമായി പ്രവേശന പാസ് പുതുക്കുന്നവരുടെ വാഹനങ്ങൾ കടന്നു പോകുമ്പോഴും ഫാസ്ടാഗ് വഴി പണം നഷ്ടപ്പെടുന്നതായി ചൂണ്ടിക്കാട്ടി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി രംഗത്തെത്തിയത്. ഫെബ്രുവരി 24 ന് പാസ് പുതുക്കി മേയ് 24 വരെ സൗജന്യ പ്രവേശന കാലാവധിയുള്ള വാഹനം ടോൾ പ്ലാസ കടന്നപ്പോൾ 110 രൂപ ഫാസ്ടാഗിൽ നിന്ന് പിടിച്ചതായി വാഹന ഉടമ വള്ളിയോട് ചുങ്കപ്പുരയ്ക്കൽ അവറാച്ചൻ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ തൃശൂരിലേക്ക് പോകുമ്പോൾ പണം ഡെബിറ്റ് ആയില്ല. വൈകീട്ട് 4.10 ന് തിരിച്ചു വരുമ്പോഴാണ് 110 രൂപ ഡെബിറ്റായുള്ള മെസേജ് വന്നതെന്ന് അവറാച്ചൻ പറഞ്ഞു. മൂന്നുമാസം കൂടുമ്പോൾ സൗജന്യ പ്രവേശനത്തിനുള്ള പാസ് പുതുക്കണമെന്നാണ് കരാർ കമ്പനി ഏകപക്ഷീയമായി തീരുമാനിച്ചിട്ടുള്ളത്. പാസ് പുതുക്കാനായി ഫോണിൽ സന്ദേശം വരുമെന്ന് പറയുന്നുണ്ടെങ്കിലും ഭൂരിഭാഗം പേരുടെ ഫോണിലേക്കും ടോൾ കമ്പനി സന്ദേശം അയക്കാറില്ല. ഇതിനാൽ ടോൾ പ്ലാസ കടന്നു പോകുമ്പോൾ വാഹനത്തിലെ ഫാസ് ടാഗ് വഴി പണം നഷ്ടപ്പെടുകയും ചെയ്യും. പരാതിപ്പെട്ടാൽ പാസ് പുതുക്കേണ്ട കാലാവധി കഴിഞ്ഞതാണ് പ്രശ്നമെന്നും ഫാസ് ടാഗ് വഴി നഷ്ടപ്പെട്ട പണം തിരിച്ചു നൽകാൻ സംവിധാനമില്ലെന്ന മറുപടിയാണ് ടോൾ ഓഫീസിൽ നിന്നും ലഭിക്കുന്നതെന്ന് വാഹന ഉടമകൾ പറയുന്നു. പാലിയേക്കര ടോൾ പ്ലാസയിലേതുപോലെ പാസ് പുതുക്കൽ വർഷത്തിൽ ഒരു തവണയാക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. പാലിയേക്കര ടോൾ പ്ലാസയിൽ 10 കിലോമീറ്റർ വായുദൂരം കണക്കാക്കി സൗജന്യ പാസ് അനുവദിക്കുമ്പോൾ പന്നിയങ്കരയിൽ ഏഴര കിലോമീറ്ററാക്കി ചുരുക്കി. അതും വായുദൂരമല്ലാതെ റോഡ് ദൂരം നോക്കിയാണ് കണക്കാക്കിയിട്ടുള്ളത്. ടോൾ പ്ലാസയുടെ ഒമ്പതര കിലോമീറ്ററിലുള്ളവർക്ക് സൗജന്യ യാത്ര അനുവദിക്കും എന്നായിരുന്നു കഴിഞ്ഞ ഏപ്രിൽ ഏഴിന് എം.എൽ.എ വിളിച്ചുകൂട്ടിയ സർവകക്ഷി യോഗത്തിൽ തീരുമാനിച്ചത്. എന്നാൽ ഇതു നടപ്പാക്കിയില്ല. 2022 മാർച്ച് ഒമ്പതു മുതലാണ് പന്നിയങ്കരയിൽ മറ്റു വാഹനങ്ങളുടെ ടോൾ പിരിവ് തുടങ്ങിയത്. അന്നുമുതൽ തുടങ്ങി പ്രദേശവാസികളുടെ പ്രവേശന പ്രശ്നവും. ജനങ്ങളുടെ പ്രതിഷേധം കനക്കുമ്പോൾ സർവകക്ഷിയോഗം വിളിക്കുമെങ്കിലും ഇതിലെ തീരുമാനം പിന്നീട് നടപ്പിലാകുന്നില്ലെന്നതാണ് വസ്തുത.