മെഴുവേലി ഗവ.വനിത ഐ.ടി.ഐ കെട്ടിടം, വാടകയ്ക്കാണ്, അൺഫിറ്റും
പത്തനംതിട്ട : ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടത്തിൽ പരാധീനതകൾക്ക് നടുവിൽ പ്രവർത്തിക്കാനാണ് ജില്ലയിലെ ഏകവനിത ഐ.ടി.ഐയുടെ ദുർവിധി.
പൊട്ടിപ്പൊളിഞ്ഞ് നിലംപൊത്താറായ കെട്ടിടം അൺഫിറ്റായി രേഖകളിൽ കയറിപ്പറ്റിയിട്ട് വർഷങ്ങളേറെയായി. ഇലവുംതിട്ട ജംഗ്ഷനിലുള്ള 35 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഇളകിവീഴുന്ന കോൺക്രീറ്റ് പാളികളും തുരുമ്പെടുത്ത കോൺക്രീറ്റ് ബീമുകളും അപകടഭീതിയാകുന്നു. ഒന്നാംനിലയിലെ പ്രിൻസിപ്പൽ റൂമിൽ മേൽക്കൂരയിലെ കോൺക്രീറ്റ് അടർന്ന് തലയിൽ വീഴാതിരിക്കാൻ പൈപ്പുകൾ ഉറപ്പിച്ച് അതിൽ പ്ലൈവുഡ് ഷീറ്റുകൾ ഇട്ടിരിക്കുകയാണ്. ഇതിനോട് ചേർന്നുള്ള കുടുസുമുറിയിലാണ് അദ്ധ്യാപകരും അനദ്ധ്യാപകരും ഓഫീസ് സ്റ്റാഫും ഉൾപ്പടെ 18 ജീവനക്കാരുടെ ഇരിപ്പിടം. രണ്ടാംനിലയിലേക്ക് കയറുന്ന പടിക്കെട്ടുകൾക്ക് സമീപം മെയിൻസ്വിച്ചും ഫ്യൂസുകളും സ്ഥാപിച്ചത് അപകടകരമാണ്.
രണ്ടാംനിലയിൽ ടിൻഷീറ്റ് മേഞ്ഞ മേൽക്കൂരയ്ക്ക് താഴെ ക്ലാസുമുറികളും രണ്ടുപരിശീലനമുറിയും ആഹാരം കഴിക്കാനുള്ള ഇടവും സ്റ്റോർറൂമും ശുചിമുറികളും ഒരുക്കിയിരിക്കുന്നു. ക്ലാസ് മുറിയിൽ ഫാനുണ്ടെങ്കിലും ടിൻഷീറ്റ് ചൂടായാൽ ഇരിക്കാനാകില്ല. പൊടിശല്യവും രൂക്ഷമാണ്.
പഠനം ഉപേക്ഷിച്ച് കുട്ടികൾ
കെട്ടിടത്തിന്റെ ജീർണാവസ്ഥമൂലം പഠനത്തിനെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷങ്ങളിൽ വലിയ കുറവാണ് ഉണ്ടായത്.
ഒരു വർഷത്തെ കോഴ്സായ ഫാഷൻ ഡിസൈനിംഗിനും രണ്ടുവർഷകോഴ്സായ ഡ്രാഫ്റ്റ് മാൻ സിവിൽ എൻജിനിയറിംഗിനും രണ്ടു ബാച്ചിലുമായി 64 വിദ്യാർത്ഥിനികളുണ്ട്. കഴിഞ്ഞ വർഷം 86 കുട്ടികളാണ് ഉണ്ടായിരുന്നത്. കെട്ടിടത്തിന്റെയും ക്ലാസ് മുറികളുടെയും ശോച്യാവസ്ഥ കാരണം പാതിവഴിയിൽ പഠനം ഉപേക്ഷിച്ചു മടങ്ങിയവരുമുണ്ട്.
വിദ്യാർത്ഥികൾ : 64, ജീവനക്കാർ : 18
മോഷണം പതിവായി
അടച്ചുറപ്പില്ലാത്ത കെട്ടിടത്തിൽ നിന്ന് സാധനങ്ങൾ മോഷണം പോകുന്നത് പതിവാണ്. വാടകക്കെട്ടിടമായതിനാൽ അറ്റകുറ്റപണികൾ നടത്താൻ കഴിയുന്നില്ല. സ്ഥലം ലഭ്യമായാൽ ഐ.ടി.ഐയ്ക്ക് സ്വന്തം ഫണ്ടുപയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിക്കാനാകും.
ഐ.ടി.ഐ അധികൃതർ
സ്ഥലം കൈമാറും
ഗവ.വനിതാ ഐ.ടി.ഐയുടെ ശോചനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പുതിയ ഐ.ടി.ഐ കെട്ടിടം നിർമ്മിക്കാൻ 1.04 ഏക്കർ സ്ഥലമാണ് വേണ്ടത്. ഗ്രാമപഞ്ചായത്തിന്റെ കൈവശം 1.11 ഏക്കർ സ്ഥലമുണ്ട്. ഈ സ്ഥലവും ഇവിടേക്കുള്ള വഴിയും അനിയോജ്യമാണെങ്കിൽ അത് ഉടൻതന്നെ ഐ.ടി.ഐയ്ക്കായി കൈമാറും
നെജോമോൻ
പ്രസിഡന്റ്,
മെഴുവേലി ഗ്രാമപഞ്ചായത്ത്.
ജില്ലയിലെ ഏകവനിതാ ഐ.ടി.ഐ,
സ്ഥാപിച്ചത് 2008ൽ,
കെട്ടിടത്തിന്റെ പഴക്കം 35 വർഷം