വെള്ളക്കരം അടയ്ക്കാതെ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾ, വാട്ടർ അതോറിട്ടിക്ക് കിട്ടാനുള്ളത് 3.95 കോടി
പത്തനംതിട്ട : നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഉപയോഗിച്ച വെള്ളത്തിന്റെ പണം നൽകാതെ വാട്ടർ അതോറിട്ടിയെ പറ്റിക്കുകയാണ് ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾ. കുടിശിക ഇനത്തിൽ ലഭിക്കാനുള്ള 8.5 കോടി രൂപയിൽ 3.95 കോടി രൂപയും നൽകാനുള്ളത് സർക്കാർ സ്ഥാപനങ്ങളിൽ നിന്നാണ്. കുടിശിക നൽകാൻ സ്ഥാപനങ്ങൾ തയ്യാറാകാത്തതിനാൽ കണക്ഷൻ കട്ടുചെയ്യാൻ ഒരുങ്ങുകയാണ് അധികൃതർ. ഗാർഹിക ഉപഭോക്താക്കളും സ്വകാര്യ സ്ഥാപനങ്ങളുമാണ് ബാക്കി കുടിശിക നൽകാനുള്ളത്.
സർക്കാർ സ്ഥാപനങ്ങളിൽ കുറവ് തുക അടയ്ക്കാനുള്ളത് കീഴ്വായ്പ്പൂർ പൊലീസ് സ്റ്റേഷനാണ്. 9,200 രൂപ. തിരുവല്ല ഗവ.സ്കൂൾ 77,200 രൂപയും കവിയൂർ ഗ്രാമപഞ്ചായത്ത് 25,668 രൂപയും കവിയൂർ അങ്കണവാടി 39,919 രൂപയും പുളിക്കീഴ്
പൊലീസ് സ്റ്റേഷൻ 79,301 രൂപയും അയിരൂർ ഹൈസ്കൂൾ 53,846 രൂപയും അടയ്ക്കാനുണ്ട്.
കണക്ഷൻ കട്ട് ചെയ്യും
വാട്ടർ അതോറിറ്റി വലിയ വരുമാനനഷ്ടം നേരിടുന്നതിനാൽ കുടിശിക അടയ്ക്കാത്ത സ്ഥാപനങ്ങളുടെ കണക്ഷൻ കട്ടുചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ഈ മാസം ഒൻപതിന് മുമ്പായി തുക അടയ്ക്കണമെന്ന് ആദ്യം നിർദേശം നൽകിയിരുന്നു. ചില സ്ഥാപനങ്ങളുടെ അഭ്യർത്ഥനമാനിച്ച് 13 വരെ കുടിശിക അടയ്ക്കാൻ സമയം അനുവദിച്ചിട്ടുണ്ട്.
കുടിശിക നൽകാനുള്ള സർക്കാർ സ്ഥാപനങ്ങളും തുകയും
(1 ലക്ഷത്തിൽ കൂടുതൽ )
1. പത്തനംതിട്ട ജനറൽ ആശുപത്രി : 2.54 കോടി
2. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ : 78 ലക്ഷം
3. കോന്നി മെഡിക്കൽ കോളേജ് : 25 ലക്ഷം
4. ആറൻമുള മിനി സിവിൽ സ്റ്റേഷൻ : 2.2 ലക്ഷം
5. പത്തനംതിട്ട ആയൂർവേദ ആശുപത്രി : 1.35 ലക്ഷം
6. റാന്നി മിനി സിവിൽ സ്റ്രേഷൻ : 15.5 ലക്ഷം
7. പെരുനാട് കമ്മ്യുണിറ്റി ഹെൽത്ത് സെന്റർ : 3.03 ലക്ഷം
8. അടൂർ പൊലീസ് സ്റ്റേഷൻ : 1.91 ലക്ഷം
9. മല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷൻ : 7 ലക്ഷം
10. ചാത്തങ്കരി ഗവൺമെന്റ് സ്കൂൾ : 1.86 ലക്ഷം
11. പെരിങ്ങര ഗ്രാമപഞ്ചായത്ത് : 1.5 ലക്ഷം
12. നെടുമ്പ്രം സ്കൂൾ : 1.1 ലക്ഷം
കൃത്യമായ വരുമാനം ലഭിക്കാതെ ഗുരുതര പ്രതിസന്ധിയാണ് വാട്ടർ അതോറിട്ടി നേരിടുന്നത്. ഇതിനാവശ്യമായ പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ഡിപ്പാർട്ട്മെന്റ് .
വാട്ടർ അതോറിട്ടി അധികൃതർ