ഒരിക്കൽ വിജയിച്ചവർക്ക്  വീണ്ടും എഴുതാൻ വിലക്ക്

Thursday 12 March 2026 12:52 AM IST

 സ്പെഷ്യൽ കെ-ടെറ്റ് അപേക്ഷകർ പ്രതിസന്ധിയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ് ) പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസം സ്പെഷൽ കെ-ടെറ്റ് പരീക്ഷയെഴുതാൻ കാത്തിരിക്കുന്നവർക്കിടയിൽ ആശങ്ക.ഒരു കാറ്റഗറി വിജയിച്ചാൽ അതേ കാറ്റഗറി വീണ്ടും പരീക്ഷ എഴുതാൻ പാടില്ല എന്നാണ് നിബന്ധന.എന്നാൽ ഇക്കഴിഞ്ഞ കെ-ടെറ്റ് പരീക്ഷയെഴുതിയ സർവീസിലുള്ളവരടക്കമുള്ള അദ്ധ്യാപകർ പരീക്ഷാ ഫലത്തിനായി ഇനിയും കാത്തിരിക്കണം.

കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കണമെങ്കിൽ 60 ദിവസത്തെ കാലതാമസമുണ്ട്. സ്പെഷ്യൽ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 16 ആണ്.നിലവിലെ ഫലം പ്രസിദ്ധീകരിക്കാത്തത് ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളെയാണ് ബാധിച്ചിരിക്കുന്നത്.ഉത്തരസൂചികയിലെ പിഴവുകൾ തിരുത്തി അന്തിമഫലം വരുമ്പോൾ മാർക്കിൽ മാറ്റമുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ, റിസ്ക് ഒഴിവാക്കാനായി പലരും മുൻകരുതൽ എന്ന നിലയിൽ സ്പെഷ്യൽ പരീക്ഷയ്ക്കും അപേക്ഷിച്ചിട്ടുണ്ട്.

എന്നാൽ, യോഗ്യത നേടുകയാണെങ്കിൽ വിജ്ഞാപനത്തിലെ നിബന്ധന മൂലം സ്പെഷ്യൽ പരീക്ഷ എഴുതാൻ കഴിയില്ല.ഉദ്യോഗാർത്ഥികൾ അടച്ച 1000 രൂപ അപേക്ഷാ ഫീസ് തിരികെ നൽകില്ലെന്നുമാണ് പരീക്ഷാഭവന്റെ നിലപാട്.ഫലം വരാൻ വൈകുന്നതും സ്പെഷ്യൽ പരീക്ഷയുടെ സമയക്രമവും തമ്മിലുള്ള സാങ്കേതികമായ പൊരുത്തക്കേട് പരിഹരിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് സർവീസിലുള്ള അദ്ധ്യാപകരുടെ ആവശ്യം.

പരീക്ഷാഫലം വരുന്നതിനുമുമ്പ് പുതിയ അപേക്ഷ സമർപ്പിക്കേണ്ടി വരുന്നതിനാൽ ഇപ്പോൾ എഴുതിയ പരീക്ഷ വിജയിക്കുന്നവർക്ക് അടച്ച പരീക്ഷാഫീസ് മടക്കി നൽകുന്നതിനുള്ള നടപടിയുണ്ടാകണം. പ്രൊമോഷൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ യോഗ്യത പ്രകാരം പ്രമോഷൻ ആഗ്രഹിക്കുന്ന തസ്തികകൾക്ക് വേണ്ട ടെറ്റ് എഴുതാനുള്ള അവസരം നൽകണം.

സാബു നീലകണ്ഠൻ

ജില്ലാ സെക്രട്ടറി

കെ.പി.എസ്.ടി.എ