യു.ഐ.ടി സെന്റർ കെട്ടിട ഉദ്ഘാടനം തടഞ്ഞ് വി.സി

Thursday 12 March 2026 12:53 AM IST

തിരുവനന്തപുരം:കേരള സർവകലാശാല അറിയാതെ ശാസ്താംകോട്ടയിലെ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (യു.ഐ.ടി) കെട്ടിടം ഉദ്ഘാടനം ചെയ്യാനുള്ള കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ നീക്കം വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ തടഞ്ഞു.സിൻഡിക്കേറ്റ് അംഗം ജി. മുരളീധരന്റെ സാന്നിദ്ധ്യത്തിലാണ് വെള്ളിയാഴ്ച ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്.

യു.ഐ.ടി സെന്ററിന്റെ പ്രിൻസിപ്പൽ രജിസ്ട്രാറെ അറിയിച്ചപ്പോഴാണ് സർവകലാശാലയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ചടങ്ങ് മാറ്റിവയ്ക്കാൻ പ്രിൻസിപ്പലിന് വി.സി നിർദ്ദേശം നൽകുകയായിരുന്നു. യൂണിവേഴ്സിറ്റി സെന്ററുകൾ ആരംഭിക്കുന്നതും ഉദ്ഘാടനം നടത്തുന്നതും സിൻഡിക്കേറ്റിന്റെ അനുമതിയോടെയായിരിക്കണം.അതേസമയം, വി.സിയുടെ നിർദ്ദേശം ലഭിച്ചതിന് പിന്നാലെ പ്രിൻസിപ്പൽ സ്റ്റാഫ് മീറ്റിംഗ് വിളിച്ചു കൂട്ടിയെന്നും സിൻഡിക്കേറ്റ് അംഗത്തിന്റെ നിർദ്ദേശപ്രകാരം ഉദ്ഘാടന ചടങ്ങ് മുൻ നിശ്ചയ പ്രകാരം നടത്താൻ തീരുമാനിച്ചതായും വിവരമുണ്ട്.