ഹജ്ജ്: 39 പേർക്ക് കൂടി അവസരം
മലപ്പുറം: 2026-ലെ ഹജ്ജ് കർമ്മത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ നിലവിൽ വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ട 39 പേർക്ക് കൂടി അവസരം. വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ട ക്രമനമ്പർ 5394 മുതൽ 5433 വരെയുള്ള അപേക്ഷകർക്കാണ് അവസരം . ഇവർ ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉൾപ്പെടെ ഒരാൾക്ക് 2,77,300 രൂപ അടവാക്കണം. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ ഓൺലൈനായോ പണമടയ്ക്കാം. തിഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ് അപേക്ഷാ ഫോമും മറ്റ് അനുബന്ധ രേഖകളും പണമടച്ച പേഇൻ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കൽ സ്‌ക്രീനിംഗ് ആൻഡ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ എത്രയും വേഗം ഓൺലൈനായി അപ്‌ലോഡ് ചെയ്യണം. സംസ്ഥാന ഹജ്ജ് കമ്മിറ്റി കരിപ്പൂർ ഓഫീസിൽ നേരിട്ട് സമർപ്പിക്കുകയും ചെയ്യാം.