ഉപകരണങ്ങളില്ല, ജീവഹാനിയുണ്ടാകാം: കോന്നി മെഡി. കോളേജിൽ ഡോക്ടറുടെ മുന്നറിയിപ്പ്
കോന്നി: സർജറി വിഭാഗത്തിൽ ഉപകരണങ്ങളില്ലാത്തത് ജീവഹാനിയുണ്ടാക്കുമെന്ന് കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സർജറി വിഭാഗം മേധാവിയുടെ നോട്ടീസ്. ഇതുൾപ്പെടെ ആശുപത്രിയിലെ പല പോരായ്മകളും പറയുന്ന നോട്ടീസാണ് സർജറി വിഭാഗത്തിന്റെ ചുവരിൽ പതിച്ചത്. പ്രിൻസിപ്പലിന്റെ നിർദ്ദേശപ്രകാരം ജീവനക്കാർ നോട്ടീസ് പിന്നീട് കീറിക്കളഞ്ഞു.
കീഹോൾ ശസ്ത്രക്രിയയ്ക്കുള്ള ലാപ്രോസ്കോപ്പി ഉപകരണങ്ങളടക്കം ഇല്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി സർജറി വിഭാഗം മേധാവി ഡോ. ശിവ പ്രസാദ് നേരത്തെ പ്രിൻസിപ്പലിനെ അറിയിച്ചിരുന്നു. നടപടിയില്ലാതെ വന്നതോടെയാണ് നോട്ടീസ് പതിച്ചത്. ആശുപത്രിയിൽ സുസജ്ജമായ തീവ്ര പരിചരണ വിഭാഗമില്ല. ജീവനക്കാർ കുറവാണ്. ശസ്ത്രക്രിയ വിഭാഗത്തിലെ ജീവനക്കാർക്ക് ആവശ്യമായ പരിശീലനം ലഭിച്ചിട്ടുമില്ല. കെട്ടിടത്തിലെ പൊളിഞ്ഞുവീഴുന്ന പെയിന്റിൽ നിന്ന് രോഗികൾക്ക് അണുബാധയുണ്ടാകും, ഹൃദ്രോഗ വിദഗ്ദ്ധനും വൃക്കരോഗ വിദഗ്ദ്ധനുമില്ല. വൈകിട്ട് അഞ്ചിന് ശേഷം ഫാർമസിയില്ല. വന്യജീവി ശല്യമുണ്ട് എന്നിവയാണ് നോട്ടീസിലുള്ളത്.ഇത്രയും പോരായ്മകൾ അറിഞ്ഞുകൊണ്ട് മരണം സംഭവിച്ചാലും ഓപ്പറേഷൻ ചെയ്യാൻ സമ്മതമാണെന്ന് രോഗികൾ അറിയിക്കണമെന്നും നോട്ടീസിലുണ്ട്.
അടുത്തിടെ, ആശുപത്രിയിൽ സർജറി കഴിഞ്ഞ പതിന്നാലുകാരന്റെ കൈ വളഞ്ഞത് വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡോ. ശിവപ്രസാദിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പിന്നാലെ ജോലിയിൽ നിന്ന് വി.ആർ.എസ് എടുക്കാൻ അദ്ദേഹം കത്തുനൽകിയിരുന്നു.രോഗികളിൽ ഭീതി വിതയ്ക്കുന്ന രീതിയിലും,അനുമതിയാല്ലാതെയും
നോട്ടീസ് പതിച്ചതിന് സർജറി വിഭാഗം മേധാവിയോട് പ്രിൻസിപ്പൽ വിശദീകരണം ചോദിച്ച.
'കോന്നി മെഡിക്കൽ കോളേജ് ആശുപത്രി തുടങ്ങിയ ശേഷം ആയിരത്തോളം സർജറികൾ നടന്നിട്ടുണ്ട്.. സർജറി വിഭാഗം മേധാവി പറഞ്ഞത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ്. ലാപ്രോ സ്കോപ്പി മെഷീൻ വാങ്ങാൻ 20ലക്ഷം രൂപയുടെ ടെൻഡർ നൽകിയിട്ടുണ്ട്.'
-ഡോ.ഷാജി, സൂപ്രണ്ട്
--