425 കഞ്ചാവു ചെടികൾ കണ്ടെത്തി നശിപ്പിച്ചു

Monday 21 October 2019 6:39 AM IST

അഗളി: അട്ടപ്പാടിയിൽ രണ്ടിടങ്ങളിൽനിന്നായി 425 കഞ്ചാവു ചെടികൾ കണ്ടെത്തി നശിപ്പിച്ചു. വനം വകുപ്പും സെൻട്രൽ എക്‌സൈസ് വകുപ്പിലെ കസ്റ്റംസ് പ്രിവന്റീവ് ആൻഡ് നാർകോട്ടിക്‌സ് വിങ്ങും സംയുക്തമായി അട്ടപ്പാടി റേഞ്ച് ഓഫീസർ ശർമിള ജയറാമിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവു ചെടികൾ കണ്ടെത്തിയത്.

പാടവയൽ മേലേ മഞ്ചിക്കണ്ടി വനഭാഗത്തുനിന്നും മൂന്നു കിലോമീറ്ററോളം ഉൾക്കാട്ടിൽ സഞ്ചരിച്ച് കന്നുമല, കുരങ്ങ് മല അടിഭാഗത്തുള്ള മുണ്ടിയമ കരപള്ളം ഭാഗത്ത് ഉണങ്ങി നിന്നിരുന്ന അടിക്കാടുകളും മുളങ്കൂട്ടങ്ങളും കത്തി ചാരമായ സ്ഥലത്തുനിന്നും നാലുമാസം പ്രായമായ 214 കഞ്ചാവ് ചെടികളും രണ്ടാമത്തെ തോട്ടത്തിൽ 211 കഞ്ചാവ് ചെടികളുമാണ് കണ്ടെത്തിയത്. വനം വകുപ്പിലെ മുക്കാലി സ്‌റ്റേഷൻ ജീവനക്കാരും കസ്റ്റംസ് പ്രിവന്റീവ് ആൻഡ് നാർകോട്ടിക്‌സ് വിങ്ങിലെ ജീവനക്കാരും പരിശോധനയിൽ പങ്കെടുത്തു. സൂപ്രണ്ട് വി. മുരളീധരൻ, പി. ഉണ്ണിക്കൃഷ്ണൻ എന്നിവർ കസ്റ്റംസ് വിങ്ങിന് നേതൃത്വം നൽകി. സാമ്പിളിനായി എടുത്ത കഞ്ചാവ് ചെടി ഒഴികെ ബാക്കി തീയിട്ട് നശിപ്പിച്ചു. കേസ് രജിസ്റ്റർ ചെയ്തു.