പോക്സോ കേസ് പ്രതിക്ക് 120 വർഷം കഠിനതടവ്
കൊല്ലം: പോക്സോ കേസിൽ 77 കാരനായ പ്രതിക്ക് 120 വർഷം കഠിനതടവും 6 ലക്ഷം രൂപ പിഴയും. പെരിനാട് ചെറുമൂട് ചേരിയിൽ നാട്ടുവാതുക്കൽ അജയ ഭവനിൽ നെൽസണിനെയാണ് കൊല്ലം അതിവേഗം സ്പെഷ്യൽ കോടതി ജഡ്ജി എ.സമീർ ശിക്ഷിച്ചത്.
2020 മുതൽ 22 വരെ കോവിഡ് കാലത്താണ് പ്രതി പത്തു വയസുകാരിയെ അതിക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. അമ്മ ജോലിക്ക് പോകുമ്പോൾ പിതാവിന് മദ്യം നൽകിയ ശേഷമായിരുന്നു പീഡനം. അദ്ധ്യാപകന്റെ ഇടപെടലിലാണ് സംഭവം പുറത്തറിഞ്ഞത്. കുണ്ടറ സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ.രതീഷാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.സരിത ഹാജരായി. കുട്ടിയുടെ വിദ്യാഭ്യാസ നിലവാരവും കുടുംബ പശ്ചാത്തലവും കണക്കിലെടുത്ത് പുനരധിവാസം നടത്താൻ വിക്ടിം കോമ്പൻസേഷൻ സ്കീമിൽ നിന്ന് നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയോട് നിർദ്ദേശിച്ചിട്ടുണ്ട്. എ.എസ്.ഐമാരായ എസ്.സിന്ധ്യാ ,മിനിമോൾ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകീകരിച്ചു