ഒഫ്താൽമോളജി മൈക്രോസ്കോപ്പ് കേടായി; കണ്ണിൽ ഇരുട്ടുമായി പാരി​പ്പള്ളി​ മെഡി​. ആശുപത്രി

Thursday 12 March 2026 12:44 AM IST

നേത്ര ശസ്ത്രക്രിയ മുടങ്ങിയിട്ട് നൂറ് നാൾ

കൊല്ലം: ഒഫ്താൽമോളജി ഓപ്പറേഷൻ മൈക്രോസ്കോപ്പ് തകരാറിലായതോടെ പാരിപ്പള്ളി മെഡി. ആശുപത്രിയിൽ നേത്ര ശസ്ത്രക്രിയ മുടങ്ങിയിട്ട് നൂറ് നാൾ പിന്നിട്ടു. പുതി​യത് വാങ്ങാൻ മെഡി​ക്കൽ വി​ദ്യാഭ്യാസ വകുപ്പി​നോട് നി​രവധി​ തവണ പണം ആവശ്യപ്പെട്ടെങ്കി​ലും ഫലമുണ്ടായി​ല്ല.

ഇ.എസ്.ഐ കോർപ്പറേഷൻ വാങ്ങിയ മൈക്രോസ്കോപ്പാണ് ഒഫ്താൽമോളജി ഓപ്പറേഷൻ തീയേറ്ററിൽ ഉപയോഗിച്ചിരുന്നത്. ഈ മൈക്രോസ്കോപ്പ് പലതവണ കേടായതാണ്. അറ്റകുറ്റപ്പണി നടത്തി ഉപയോഗി​ക്കുകയായി​രുന്നു. 1.14 കോടി വിലയുള്ള പുതിയ മൈക്രോസ്കോപ്പ് വാങ്ങാനുള്ള ശുപാർശയാണ് മെഡിക്കൽ കോളേജ് അധികൃതർ നൽകിയത്. എന്നാൽ വീണ്ടും അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കണമെന്ന നിർദ്ദേശമാണ് ലഭി​ച്ചത്. അതിനുള്ള പണവും അനുവദിച്ചിട്ടില്ല. മെഡിക്കൽ കോളേജിൽ ഒഫ്താൽമോളജി പി.ജി കോഴ്സ് ആരംഭിച്ചിട്ടുണ്ട്. പുതിയത് വാങ്ങിയാൽ പഴയത് അറ്റകുറ്റപ്പണി നടത്തി പി.ജി വിദ്യാർത്ഥികൾക്ക് പരിശീലനത്തിന് നൽകാമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതർ. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുൻപേ പണം അനുവദിച്ചില്ലെങ്കിൽ പിന്നീട് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വാങ്ങേണ്ടി വരും.

480 ശസ്ത്രക്രിയകൾ സ്വാഹ

പാരി​പ്പള്ളി​ മെഡി​. ആശുപത്രി​യി​ൽ ആഴ്ചയിൽ രണ്ട് ദിവസമാണ് ഒഫ്താൽമോളജി ഓപ്പറേഷൻ തി​യേറ്റർ പ്രവർത്തിക്കുന്നത്. രണ്ട് ദിവസങ്ങളിലായി ആഴ്ചയിൽ 40 ശസ്ത്രക്രിയ നടക്കും. ഇത്തരത്തിൽ മൈക്രോസ്കോപ്പ് കേടായ ശേഷം 480 ശസ്ത്രക്രിയകൾ മുടങ്ങി. ശസ്ത്രക്രിയ ആവശ്യമുള്ളവർ വൻതുക മുടക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്.

കണ്ണ് മാറ്റിവയ്ക്കലും പ്രതിസന്ധിയിൽ

ആശുപത്രിയിൽ കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായിരുന്നു. മൈക്രോസ്കോപ്പ് തകരാറിലായതോടെ അതും പ്രതിസന്ധിയിലായി.

മുടങ്ങിയവ

 തിമിര ശസ്ത്രക്രിയ  കുട്ടികളുടെ തിമിര ശസ്ത്രക്രിയ  കോങ്കണ്ണിനുള്ള ശസ്ത്രക്രിയ  കണ്ണിനുള്ളിൽ ഇൻജക്ഷൻ എടുക്കൽ

 കോർണിയൽ ട്രാൻസ്‌പ്ളാന്റേഷൻ  റെറ്റിനൽ ശസ്ത്രക്രിയ

ഒഫ്താൽമോളജി മൈക്രോസ്കോപ്പ് തകരാറിലായത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. വൈകാതെ തീരുമാനമുണ്ടാകും

മെഡി. ആശുപത്രി അധികൃതർ