ഓണ്‍ലൈന്‍ ബുക്കിംഗ് തടസ്സപ്പെട്ടു; പൊരിവെയിലത്ത് മണിക്കൂറുകള്‍ കാത്തുനിന്നവര്‍ക്ക് നിരാശ
പല ഏജന്‍സികളിലും തര്‍ക്കം രൂക്ഷം
തൊടുപുഴ: പാചകവാതകക്ഷാമം ശക്തിപ്പെട്ടതോടെ സിലിണ്ടറുകള്‍ക്കായി ജനങ്ങളുടെ നെട്ടോട്ടം. ഗ്യാസ് ഏജന്‍സികള്‍ക്ക് മുമ്പില്‍ രാവിലെ തന്നെ എത്തി മണിക്കൂറുകളോളം വരി നിന്നാണ് പലരും സിലിണ്ടര്‍ വാങ്ങുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി പ്രധാനപ്പെട്ട ഏജന്‍സികളിലെല്ലാം സമാന അവസ്ഥയാണ്. ശനിയാഴ്ച മുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗ് തടസപ്പെട്ടതോടെയാണ് പലര്‍ക്കും സിലിണ്ടര്‍ കിട്ടാത്ത സാഹചര്യമുണ്ടായത്. ഓള്‍ ഇന്ത്യാ തലത്തില്‍ ബുക്കിംഗ് സജീവമായതോടെ ഓണ്‍ലൈന്‍ സൈറ്റ് മിക്കപ്പോഴും നിര്‍ജീവമാണ്. തിരക്ക് അധികമായതിനാലാണ് ഇത്തരമൊരു പ്രശ്‌നം. ഇതോടെ ബുക്ക് ചെയ്യാനാകാത്ത ഉപഭോക്താക്കള്‍ പരിഭ്രാന്തിയിലായി. ഏജന്‍സികളില്‍ നേരിട്ടെത്തുമ്പോള്‍ മുമ്പ് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രം സിലിണ്ടര്‍ നല്‍കുന്നതും പ്രതിസന്ധി വര്‍ദ്ധിപ്പിക്കുകയാണ്. എന്നാല്‍ ബുക്ക് ചെയ്തിട്ടും സിലിണ്ടര്‍ കിട്ടാത്തതിനാല്‍ പലയിയത്തും തര്‍ക്കം രൂക്ഷമായി. സിലിണ്ടര്‍ കിട്ടാത്തവര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ വിളിച്ച് പരാതി പറയുന്നതും വ്യാപകമാണ്. ചില ഏജന്‍സികളില്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായതോടെ പൊലീസ് ഇടപെടലും വേണ്ടിവരുന്നുണ്ട്.
ഉപഭോക്താക്കളും ഏജന്‍സിയും തമ്മില്‍ തര്‍ക്കം
തൊടുപുഴ മാരിയില്‍കലുങ്കിന് സമീപത്തെ ഗ്യാസ് ഏജന്‍സിക്ക് മുന്നില്‍ രാവിലെ ഏഴ് മുതല്‍ മൂന്‍കൂര്‍ ബുക്ക് ചെയ്ത് കാത്ത് നിന്ന ഉപഭോക്താക്കളും ജീവനക്കാരും തമ്മില്‍ തര്‍ക്കം. തലേദിവസം ബുക്ക് ചെയ്ത് ടോക്കണ്‍ എടുത്തിട്ടും കിട്ടാത്തവരെ ഇന്നലെ ഏജന്‍സി പ്രത്യേക വരിയായി നിറുത്തിയതിനെ ചിലര്‍ ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നം തുടങ്ങിയത്. രാവിലെ മുതല്‍ കാത്ത് നിന്നിട്ടും തങ്ങള്‍ക്ക് തരാതെ വൈകിയെത്തിയവര്‍ക്ക് സിലിണ്ടര്‍ നല്‍കിയത് ചോദ്യം ചെയ്തതോടെ തര്‍ക്കം മുറുകി. ഇതിനിടയില്‍ ബുക്ക് ചെയ്യാതെയും ചിലര്‍ സിലിണ്ടറിനായെത്തിയത് വാക്കേറ്റം രൂക്ഷമാക്കി. തുടര്‍ന്ന് തൊടുപുഴ പൊലീസും താലൂക്ക് സപ്ലൈ ഓഫീസറും സ്ഥലത്തെത്തി. പ്രിന്റഡ് രസീതില്ലാതെ മാനുവലായി പ്രതിദിനം 150 സിലിണ്ടര്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. 11 മണിയോടെയാണ് ഉപഭോക്താക്കള്‍ പിരിഞ്ഞത്. ഇന്നും ഈ രീതിയില്‍ തന്നെ സിലിണ്ടര്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശമെങ്കിലും ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താതെയുള്ള വിതരണം വന്‍കിട കമ്പനികള്‍ സമ്മതിക്കാത്തതിനാല്‍ ഇത് തുടര്‍ന്ന് ലഭിക്കുമോയെന്ന് ഉറപ്പില്ല.