പരീക്ഷാ സമ്പ്രദായം കാലോചിതമായി പരിഷ്കരിക്കും: മന്ത്രി വി.ശിവൻകുട്ടി

Thursday 12 March 2026 1:20 AM IST

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ രംഗത്തെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി പരീക്ഷാ സമ്പ്രദായത്തിലും മൂല്യനിർണയ രീതികളിലും കാലോചിതമായ മാറ്റങ്ങൾ വരുത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സമഗ്ര ശിക്ഷാ കേരളം സംസ്ഥാന ഓഫീസിന്റെ പുതിയ ആസ്ഥാന മന്ദിരം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രീ-പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ വിഭാഗം കുട്ടികൾക്കും തുല്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി തിരുവനന്തപുരം ചാല ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ടിൽ നിർമ്മിച്ച എസ്.എസ്.കെയുടെ പുതിയ ആസ്ഥാന മന്ദിരം വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ പുതിയ ഏകോപന കേന്ദ്രമായി മാറും.

പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എൻ.എസ്.കെ ഉമേഷ് അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയ ദർശിനി, എസ്.സി.ഇ.ആർ.ടി ഡയറക്‌ടർ ഡോ. ആർ.കെ ജയപ്രകാശ്, സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം മിനി സുകുമാർ, എസ്.ഐ.ഇ.ടി ഡയറക്‌ടർ ഡോ. ബി. അബുരാജ്, എസ്.ആർ.സി ഡയറക്‌ടർ ഡോ. പി പ്രമോദ്, സ്കോൾ കേരള എക്സിക്യൂട്ടീവ് ഡയറക്ട‌ർ ഡോ. ജിനേഷ് കുമാർ എരമം, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ഷിബു ആർ.എസ്, അഡീഷണൽ സ്റ്റേറ്റ് പ്രോജക്‌ട് ഡയറക്‌ടർമാരായ ഷൈൻമോൻ എം.കെ, ശ്രീകല കെ എസ് തുടങ്ങിയവർ പങ്കെടുത്തു.