മോദിയുടെ ഉദ്ഘാടനം: സി.പി.എം എം.എൽ.എയുടെ സാന്നിദ്ധ്യം ചർച്ചയായി

Thursday 12 March 2026 1:34 AM IST

ഒറ്റപ്പാലം (പാലക്കാട്): പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പരിപാടികൾ സംസ്ഥാന സർക്കാർ ബഹിഷ്‌കരിച്ചപ്പോൾ, ഷൊർണൂരിൽ നടന്ന റെയിൽവേ സ്‌റ്റേഷൻ ഉദ്ഘാടനത്തിൽ സി.പി.എം എം.എൽ.എ പി.മമ്മിക്കുട്ടി അദ്ധ്യക്ഷനായത് ചർച്ചയാകുന്നു. പിന്നാലെ മുഖ്യമന്ത്രിക്കുള്ള താക്കീതാണ് മമ്മിക്കുട്ടി നൽകിയതെന്ന് പറഞ്ഞ് ബി.ജെ.പി വാർത്താസമ്മേളനം നടത്തി.

ഇന്നലെ ഉച്ചയ്ക്ക് ഷൊർണൂരിൽ നടന്ന പ്രധാനമന്ത്രിയുടെ ഓൺലൈൻ ഉദ്ഘാടന പരിപാടിയിലാണ് മമ്മിക്കുട്ടി പങ്കെടുത്തത്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പ്രധാനമന്ത്രിയുടെ പരിപാടി ബഹിഷ്‌കരിച്ചെങ്കിലും, മമ്മിക്കുട്ടി മുഖ്യമന്ത്രിയുടെ ബഹിഷ്‌കരണത്തെ തള്ളിയെന്ന് ബി.ജെ.പി പാലക്കാട് വെസ്റ്റ് ജില്ല പ്രസിഡന്റ് പി.വേണുഗോപാലൻ പറഞ്ഞു. എന്നാൽ, റെയിൽവേയുടെ ക്ഷണമനുസരിച്ചാണ് പങ്കെടുത്തതെന്നും പരിപാടി ബഹിഷ്‌കരിക്കണമെന്ന നിർദ്ദേശം പാർട്ടിയിൽ നിന്നും ലഭിച്ചിട്ടില്ലെന്നും മമ്മിക്കുട്ടി പ്രതികരിച്ചു.