കേരളത്തിലെ ഏറ്റവും വലിയ വാനനിരീക്ഷണ കേന്ദ്രം: ഉദ്ഘാടനം ഇന്ന്

Thursday 12 March 2026 3:18 AM IST
ഉദ്ഘാടനത്തിനൊരുങ്ങുന്ന താനൂർ ഫിഷറീസ് സ്‌കൂളിലെ പ്ലാനറ്റേറിയം

മലപ്പുറം: താനൂർ ഫിഷറീസ് സ്‌കൂളിൽ ഒരുക്കിയ കേരളത്തിലെ ഏറ്റവും വലിയ വാനനിരീക്ഷണ കേന്ദ്രം ഇന്ന് വൈകിട്ട് ഏഴിന് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 2.60 കോടി രൂപ ചെലവഴിച്ചാണ് പ്ലാനറ്റേറിയം നിർമ്മിച്ചിരിക്കുന്നത്. നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയവും ബാംഗ്ലൂർ വിശ്വേശ്വര ഇൻഡസ്ട്രിയൽ ആൻഡ് ടെക്‌നോളജിക്കൽ മ്യൂസിയവും കോഴിക്കോട് പ്ലാനറ്റേറിയവും സംയുക്തമായാണ് വാനനിരീക്ഷണ കേന്ദ്രവും ജ്യോതിശാസ്ത്ര പഠനകേന്ദ്രവും വികസിപ്പിച്ചെടുത്തത്.

വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും മാത്രമല്ല ഗവേഷണ തത്പരർക്കും ഉപയുക്തമാകുന്ന രീതിയിലാണ് വാനനിരീക്ഷണ കേന്ദ്രവും അനുബന്ധ സംവിധാനങ്ങളും വികസിപ്പിച്ചെടുത്തിട്ടുള്ളത്. അടിസ്ഥാന ജ്യോതിശാസ്ത്രവും വാനനിരീക്ഷണ തത്ത്വങ്ങളും മനസ്സിലാക്കുന്ന പ്രദർശിനികൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കായി നിർമ്മിച്ചിട്ടുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആറ് മീറ്റർ വ്യാസമുള്ള ഡോമോട് കൂടിയ വാന നിരീക്ഷണ കേന്ദ്രമാണ് സജ്ജീകരിച്ചിട്ടുള്ളത്. 14 ഇഞ്ച് അപർച്ചർ ഉള്ള അത്യാധുനിക വിദേശനിർമ്മിത ടെലിസ്‌കോപ്പാണ് പ്രധാനം. കൂടാതെ, 12 ഇഞ്ച് ടെലസ്‌കോപ്പും റിഫ്രാക്റ്റീവ് റെസ്‌കോപ്പും നിരീക്ഷണത്തിനും സമുദ്രനിരീക്ഷണത്തിനും കൂടി സഹായകരമായ ബൈനോക്കുലറുകളും വാനനിരീക്ഷണ കേന്ദ്രത്തിലുണ്ട്.