മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ: തദ്ദേശ സ്ഥാപന പ്രതിനിധികൾക്കായി ജില്ലാതല ശിൽപശാല നടത്തി
മലപ്പുറം: മഴക്കാല രോഗങ്ങളെ ചെറുക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ്, ശുചിത്വ മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തേണ്ട മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളെക്കുറിച്ച് ഏകദിന ശിൽപശാല നടത്തി. ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന ശിൽപശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ഡോ.വിനയ് ഗോയൽ അദ്ധ്യക്ഷനായി. വാർഡ് മെമ്പറുടെ അദ്ധ്യക്ഷതയിലുള്ള ശുചിത്വസമിതികളുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടത്. ഇതിനായി ഗ്രാമ പഞ്ചായത്ത് തലത്തിൽ ഓരോ വാർഡിലും 30,000 രൂപ, മുൻസിപ്പാലിറ്റി തലത്തിൽ 40,000 രൂപയും തനത് ഫണ്ട് , പ്ലാൻ ഫണ്ട്, എൻ.എച്ച്.എം. വിഹിതം, സംഭാവന, സി.എസ്.ആർ ഫണ്ട് എന്നിവയിൽ നിന്നും ചെലവഴിക്കാം. ഏപ്രിൽ 20നകം എല്ലാ വാർഡുകളും ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണം. പരിസര ശുചിത്വം ഉറപ്പാക്കുക, ജലജന്യ രോഗങ്ങൾ തടയുക, പൊതുവിട മാലിന്യ നിർമാർജനം ശക്തിപ്പെടുത്തുക, ശുചീകരണ പ്രവർത്തനങ്ങളിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുക ലക്ഷ്യങ്ങളോടെയാണ് മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തുന്നത്. ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എ.ആതിര തദ്ദേശ സ്ഥാപനങ്ങൾ വഴി നടത്തേണ്ട ശുചീകരണ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തേണ്ട മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ
> ഓരോ തദ്ദേശ സ്ഥാപനങ്ങളിലെയും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ, ഓടകൾ, നീരൊഴുക്കുള്ള സ്ഥലങ്ങൾ, പൊതുകുളങ്ങൾ, വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങൾ എന്നിവ വൃത്തിയാക്കണം.
> ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ വീടുകളിൽ നിന്നുള്ള അജൈവ മാലിന്യ ശേഖരണം കൃത്യമായി നടക്കുന്നുണ്ടെന്നും അവ എം.സി.എഫ് /മിനി എം.സി.എഫ് ഇവയിലേക്ക് ശേഖരണ ദിവസം തന്നെ കൃത്യമായി നിക്ഷേപിക്കുന്നുണ്ടെന്നും ഇവിടെ നിന്നും കൊണ്ടു പോകുന്നുണ്ടെന്നും ഉറപ്പാക്കണം.
> എം.സി.എഫ്, മിനി എം.സി.എഫുകൾ എന്നിവ വെള്ളം കയറാനിടയുള്ള സ്ഥലത്താണെങ്കിൽ മാറ്റി സ്ഥാപിക്കണം. > ഹരിത കർമസേനാംഗങ്ങളുടെ യോഗം വിളിച്ച് ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തുക.
> പൊതുജനങ്ങൾക്ക് ജലജന്യ-പ്രാണിജന്യ രോഗങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്തുക.
> കൃഷി ഭവനുകൾ, മൃഗാശുപത്രികൾ എന്നിവയുടെ നേതൃത്വത്തിൽ കർഷകർക്ക് മൃഗങ്ങളിൽ നിന്നുള്ള പകർച്ച വ്യാധികൾ സംബന്ധിച്ച ബോധവത്ക്കരണം നൽകുക.
> പകർച്ച വ്യാധികൾ ഉണ്ടാകാനിടയുള്ള ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങൾ, അതിഥിതൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ ശുചീകരിക്കുക.
> മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടക്കുന്ന ഉത്സവങ്ങൾ, തിരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുണ്ടാകുന്ന മാലിന്യങ്ങൾ കൃത്യമായി സംസ്‌കരിക്കുക.