ബാലതാരമായി തിളങ്ങിയ ഹരിമുരളി മരിച്ചനിലയിൽ; ശ്രദ്ധേയനായത് മമ്മൂട്ടി ചിത്രം അണ്ണൻതമ്പിയിലൂടെ

Thursday 12 March 2026 11:16 AM IST

കണ്ണൂർ: ബാലതാരമായി മലയാള സിനിമയിലെത്തിയ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ അന്നൂരിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരണത്തിനുപിന്നിലെ യഥാർത്ഥ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല. രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വിഎഫ്എക്സ് ആർട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു.

പ്രശസ്ത നാടക നടൻ പയ്യന്നൂർ മുരളിയുടെ മകനാണ്. എ എം നസീറിന്റെ സീരിയലിലൂടെ നാലര വയസിലാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത രസികനിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. പഠനത്തിനായി കുറച്ചുനാൾ സിനിമയിൽ നിന്നുവിട്ടുനിന്നിരുന്നു. പിന്നീട് നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് ഹരിമുരളി വീണ്ടും മലയാളി പ്രേഷകർക്ക് മുന്നിലേക്ക് എത്തിയത്.