ഒളിവിൽപ്പോയ വെള്ളനാട് ശശി സെക്രട്ടറിയേറ്റിലെത്തി; പിടികൂടാതെ അന്വേഷണസംഘം

Thursday 12 March 2026 3:43 PM IST

തിരുവനന്തപുരം: മുള്ളൻപ്പന്നിയെ തല്ലിക്കൊന്നക്കേസിൽ ഒളിവിൽപ്പോയ വെള്ളനാട് പഞ്ചായത്ത്‌ പ്രസിഡന്റും സിപിഎം നേതാവുമായ വെള്ളനാട് ശശി സെക്രട്ടറിയേറ്റിലെത്തി. ദൃശ്യങ്ങൾ പകർത്തിയ സ്വകാര്യ ചാനലിലെ മാദ്ധ്യമപ്രവർത്തകർക്കുനേരെ വെള്ളനാട് ശശി തട്ടിക്കയറി. വീഡിയോ പകർത്തി ആരെ വേണമെങ്കിലും കാണിച്ചോളുവെന്ന് പറഞ്ഞാണ് മാദ്ധ്യമപ്രവർത്തകർക്കുനേരെ തട്ടിക്കയറിയത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും വെള്ളനാട് ശശിയെ അറസ്റ്റ് ചെയ്യാൻ ഇതുവരെയും അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഇയാൾ ഒളിവിൽ പോയതിനാലാണ് അറസ്റ്റ് ചെയ്യാൻ സാധിക്കാത്തതെന്നാണ് വിശദീകരണം. അതേസമയം, ദിവസങ്ങൾക്ക് മുൻപ് ലോഡ്‌ജിലുണ്ടെന്ന് വിവരം ലഭിച്ചിട്ടും ഇയാളെ കസ്റ്റഡിയിലെടുക്കാൻ തയ്യാറാകാതെ അന്വേഷണസംഘം ഒത്തുകളിക്കുകയാണെന്നും ആരോപണങ്ങളുയരുന്നുണ്ട്. ഇതിനിടെയാണ് സെക്രട്ടറിയേറ്റിലെത്തിയത്.

നാളെയാണ് വെള്ളനാട് ശശിയുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി പരിഗണിക്കുന്നത്. വെള്ളനാട്ടെ ഒരു കുടുംബം വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് മുള്ളൻപന്നിയെ കണ്ടത്. അവിടെയുള്ളവർ ആദ്യം വെള്ളനാട് പഞ്ചായത്ത് മെമ്പറിനെയാണ് അറിയിച്ചത്. അവരാണ് വെള്ളനാട് ശശിയെ വിവരമറിയിച്ചത്. എന്നാൽ വനംവകുപ്പിനെ അറിയിക്കാതെ വെള്ളനാട് ശശി വീട്ടിലെത്തുകയും തുടർന്ന് അവിടെയുണ്ടായിരുന്ന ഇരുമ്പ് പൈപ്പെടുത്ത് മുള്ളൻപന്നിയെ കൊല്ലുകയുമായിരുന്നു. വനംവകുപ്പ് എത്തുമെന്നും കൊല്ലരുതെന്നും വീട്ടുകാർ പറഞ്ഞിട്ടും വെള്ളനാട് ശശി അനസരിച്ചില്ലെന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞത്. പിന്നാലെ തന്നെ ശശി സ്ഥലം വിടുകയായിരുന്നു.