ഓപ്പൺ യൂണിവേഴ്സിറ്റി സെമസ്റ്റർ രജിസ്ട്രേഷൻ നീട്ടി
കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുടെ സെമസ്റ്റർ രജിസ്ട്രേഷൻ തീയതികൾ പുതുക്കി നിശ്ചയിച്ചു. 2022-23 രണ്ടാം ബാച്ച് യു.ജി, 2023-24 രണ്ടാം ബാച്ച് യു.ജി, 2024-25 ഒന്നാം ബാച്ച് യു.ജി, 4വർഷ യു.ജി, 2024-25 പി.ജി എന്നീ ബാച്ചുകളിലെ പഠിതാക്കൾക്ക് സെമസ്റ്റർ രജിസ്ട്രേഷൻ പൂർത്തിയാക്കാം. പുതുക്കിയ സമയക്രമമനുസരിച്ച് ഫൈൻ ഇല്ലാതെ 16വരെ രജിസ്ട്രേഷൻ നടത്താം. 100 രൂപ ഫൈനോടെ 17മുതൽ 22വരെയും 200 രൂപ സൂപ്പർ ഫൈനോടെ 23മുതൽ 26വരെയും രജിസ്ട്രേഷൻ പൂർത്തിയാക്കാം.സർവകലാശാലയുടെ സ്റ്റുഡന്റ് പോർട്ടലായ www.erp.sgou.ac.in മുഖേനയാണ് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കേണ്ടത്. ഇ-ഗ്രാന്റ്സ് ഫീസ് ആനുകൂല്യം നേടിയവർ, സ്പോൺസർഷിപ്പ് ആനുകൂല്യങ്ങൾക്ക് അർഹതയുള്ളവർ, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർ എന്നിവർക്കും രജിസ്ട്രേഷൻ നിർബന്ധമാണ്. നിശ്ചിത സമയപരിധിക്ക് ശേഷം രജിസ്റ്റർ ചെയ്യുകയാണെങ്കിൽ പിഴ അടയ്ക്കണം. പിഴ തുകകൾ രജിസ്ട്രേഷൻ പ്രക്രിയക്കൊപ്പം തന്നെ പോർട്ടൽ വഴി അടയ്‌ക്കണം.