മൂന്നാർ എൻജിനിയറിംഗ് കോളേജിന്റെ ഭരണം ഐ.എച്ച്.ആർ.ഡിക്ക്
തിരുവനന്തപുരം: മൂന്നാർ എൻജിനിയറിംഗ് കോളേജിന്റെ ഭരണ നിർവഹണാധികാരം പൂർണമായും ഐ.എച്ച്.ആർ.ഡിക്ക് കൈമാറി സർക്കാർ ഉത്തരവിറക്കി. അടുത്ത അദ്ധ്യയന വർഷം മുതൽ നൂതനസാങ്കേതിക ശാഖകളിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നടത്താനാവും. ഹൈറേഞ്ച് മേഖലയിലെ സ്ഥാപനത്തെ മികവിന്റെ കേന്ദ്രമായി മാറ്റുന്നതിലേക്കുള്ള നിർണായക ചുവടുവെപ്പാണിത്. ഗ്രാന്റ് ഇൻ എയ്ഡ് പദവിയുള്ള ഐ.എച്ച്.ആർ.ഡി കോളേജ് ഏറ്റെടുക്കുന്നതുമൂലം കൂടുതൽ തുക പദ്ധതി വിഹിതമായി അനുവദിക്കും. പുതിയ അദ്ധ്യാപക തസ്തികകൾ അനുവദിച്ച് സ്ഥാപനത്തിന്റെ എൻ.ബി.എ അക്രഡിറ്റേഷൻ പ്രക്രിയ സമയബന്ധിതമായി പൂർത്തിയാക്കും. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ സർക്കാർ ആരംഭിക്കുന്ന എൻജിനിറിംഗ് കോളേജ് ക്യാമ്പസിൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും പൂർത്തിയാക്കി. കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുവാനുള്ള കർമ്മപദ്ധതികളും ഐ.എച്ച്.ആർ.ഡി. വിഭാവനം ചെയ്തിട്ടുണ്ട്. നിലവിൽ ഐ.ഐ.ടി മദ്രാസുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ദക്ഷിണേന്ത്യയിലെ ഏക അന്തരീക്ഷ സ്വഭാവ വ്യതിയാന പഠന കേന്ദ്രത്തിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിലൂടെ അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളുമായി കൈകോർത്ത് സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഒരു വലിയ കുതിച്ചുചാട്ടം നടത്തുവാനുള്ള അവസരമുണ്ടാവുമെന്നാണ് വിലയിരുത്തൽ.