കൊച്ചിയിൽ നിന്ന് പഴം, പച്ചക്കറി കുവൈത്തിലേക്ക്

Friday 13 March 2026 12:05 AM IST

ഗൾഫിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ എം.എ യൂസഫലി

കൊച്ചി: ​ഗൾഫ് നാടുകളിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി ലുലുവിന്റെ ചാർട്ടേഡ് കാർ​ഗോ സർവീസുകൾ ആരംഭിച്ചു. കുവൈത്ത് എയർവെയ്സിന്റെ കാർ​ഗോ വിമാനം 36 ടൺ പഴം-പച്ചക്കറികളും വഹിച്ച് ഇന്നലെ കൊച്ചിയിൽ നിന്ന് പറന്നു. കഴിഞ്ഞ ദിവസം അബുദാബിയിലേക്ക് ഇത്തിഹാദ് എയർവേയ്സിന്റെ പ്രത്യേക കാർ​ഗോ വിമാനത്തിൽ 80 ടൺ ഭക്ഷ്യോത്പ്പന്നങ്ങൾ ​ യു.എ.ഇയിൽ എത്തിച്ചിരുന്നു. അബുദാബി ഉൾപ്പടെയുള്ള ജി.സി.സി രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഭക്ഷ്യോത്പ്പന്നങ്ങളുടെ ലഭ്യത സുസ്ഥിരമായി ഉറപ്പാക്കുകയാണ് ലക്ഷ്യം. ചാർട്ടേഡ് വിമാന സർവീസിന് പുറമേ നിത്യേനയുള്ള വിമാനങ്ങളിലൂടെ ദിനംപ്രതി 5 മുതൽ 6 ടൺ വരെ ഭക്ഷ്യ ഉത്പ്പന്നങ്ങൾ ലുലുവിന്റെ കയറ്റുമതി വിഭാ​ഗമായ ലുലു ഫെയർ എക്‌സ്‌പോർട്ട് വഴി കയറ്റി അയക്കുന്നുണ്ട്. ഇത്തിഹാദ് എയർ, എയർ അറേബ്യ, സൗദി എയർ, ഫ്ലൈ എമിറേറ്റ്സ്, ഒമാൻ എയർ, എയർ ഇന്ത്യ തുടങ്ങിയ യാത്രാ വിമാനങ്ങളിലായിട്ടാണ് കയറ്റി അയക്കുന്നത്. കേരളത്തിൽ നിന്നും കൂടുതൽ കാർ​ഗോ വിമാന സർവീസുകളും വരും ദിവസങ്ങളിലും തുടരാനാണ്‌ ലുലു ഗ്രൂപ്പിന്റെ തീരുമാനം.

യുദ്ധം കനത്തതോടെ കയറ്റുമതി മേഖലയിൽ കോടികളുടെ നഷ്ടമാണുള്ളത്. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി അടിയന്തിരമായി വിഷയത്തിൽ ഇടപെട്ടാണ് പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തിയത്.