തവണക്കണക്ക് തനിക്ക് മാത്രം ബാധകമോ?​

Friday 13 March 2026 12:08 AM IST

പാർട്ടിയെ ആക്ഷേപിക്കില്ല

ആലപ്പുഴ: രണ്ടുതവണ മന്ത്രിയായില്ലേയെന്ന് ​പാർട്ടി നേതൃത്വം പറയുന്നത് തനിക്ക് മാത്രമോ ബാധകമെന്ന് ജി.സുധാകരൻ വാർത്തസമ്മേളനത്തിൽ ചോദിച്ചു. റഷ്യയിൽ ലെനിനും സ്റ്റാലിനും മരിക്കുന്നതുവരെ ഭരണാധികാരികളായിരുന്നു. ഇത്രയും കാലം ഇരുന്ന​ല്ലോ, താഴെയിറങ്ങൂ കിളവായെന്ന്​ ആരും പറഞ്ഞില്ല. രണ്ടുതവണ മന്ത്രിയായശേഷം പാർലമെന്റിൽ മത്സരിച്ച തോമസ് ഐസക്കിനോടും അഞ്ചുതവണ മത്സരിച്ച എ.എം.ആരിഫിനോടും ആരും ഒന്നും ചോദിക്കുന്നില്ലല്ലോ. അധികാരമോഹമാണോ എന്ന ചോദ്യത്തിന്, ബാക്കിയുള്ളവർ കാശിക്ക് പോയി സന്യസിക്കാനാണല്ലോ മത്സരിക്കുന്നത് എന്നായിരുന്നു മറുപടി.

പാർട്ടിക്കുവേണ്ടി ജീവിച്ചയാളാണ്​, അതിനാൽ പാർട്ടിയെ ആക്ഷേപിക്കാനില്ല. വ്യക്തിപരമായി ആക്ഷേപിച്ചാൽ പാർട്ടി നശിക്കും. സി.പി.എമ്മിന്റെ ഏക ആയുധം രാഷ്ട്രീയമാണ്. പുസ്തകം വായിച്ചുനോക്കിയാലേ ഇതൊക്കെ അറിയാൻ കഴിയൂ. യുവാക്കളിൽ ആവേശം സൃഷ്ടിക്കുന്ന രാഷ്ട്രീയ സമീപനം ഒരു പാർട്ടിക്കും ഇ​ല്ല. പാർട്ടിയിൽ നിന്ന് മാറിക്കൊടുത്ത ശേഷമാണ് മത്സരിക്കാനിറങ്ങുന്നത്. പാർട്ടിയെ നന്നാക്കാൻ ആളല്ല.

സജി തന്നെ സൈബർ

സൈബർ ആക്രമണത്തെക്കുറിച്ച് ജില്ലയിലെ നേതാവായ മന്ത്രി സജി ചെറിയാനോട് പറഞ്ഞിരുന്നോ എന്ന് ചോദിച്ചപ്പോൾ സജി തന്നെ സൈബറാണെന്നായിരുന്നു ജി.സുധാകരന്റെ മറുപടി. ഭരണഘടനയെ മാനിക്കണം. കുന്തവും കൊടച്ചക്രവുമെന്ന്​ പറയുന്നത് ശരിയല്ല.