ഇന്ത്യന്‍ ടീമിന്റെ അടുത്ത ലക്ഷ്യം എന്താണ്? തുറന്ന് പറഞ്ഞ് പരിശീലകന്‍ ഗൗതം ഗംഭീര്‍

Thursday 12 March 2026 11:18 PM IST

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത ലക്ഷ്യങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍.ടീം ഇന്ത്യയെ എല്ലാ ഫോര്‍മാറ്റുകളിലും ലോക ഒന്നാം നമ്പര്‍ ടീമാക്കുക എന്നതാണ് പ്രധാന ദൗത്യമെന്ന് ഗംഭീര്‍ പറഞ്ഞു. അടുത്ത വലിയ വെല്ലുവിളികള്‍ വരാനിരിക്കുന്ന ഏകദിന ലോകകപ്പ്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് എന്നിവയാണ്.

ഓരോ കളിക്കാരനും ടീമിന്റെ വിജയത്തിനായി സ്വന്തം താല്‍പ്പര്യങ്ങള്‍ മാറ്റിവെച്ച് പ്രവര്‍ത്തിക്കണം എന്നതായിരിക്കണം ടീമിന്റെ മാനസികാവസ്ഥ: വിജയത്തിന് പകരം മറ്റൊന്നുമില്ല എന്നതാണ് ടീമിന്റെ സമീപനമെന്നും അദ്ദേഹം പറഞ്ഞു.

യുവതാരങ്ങള്‍ക്ക് പിന്തുണ നല്‍കുകയെന്നതാണ് ടീം മാനേജ്‌മെന്റിന്റെ നയമെന്നും പരിശീലകന്‍ പറഞ്ഞു. ടീമിലേക്ക് എത്തുന്ന യുവതാരങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കുന്നതിനൊപ്പം അച്ചടക്കം കൃത്യമായ പ്ലാനിംഗ് ശക്തമായ ടീം സ്പിരിറ്റ് ഇവയ്ക്ക് വലിയ പ്രാധാന്യം നല്‍കുമെന്നും ഗംഭീര്‍ പറഞ്ഞു.

ഗംഭീര്‍ മുഖ്യ പരിശീലകനായി ചുമതലയേറ്റെടുത്ത ശേഷം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ചാമ്പ്യന്‍സ് ട്രോഫി, ഏഷ്യ കപ്പ് ഈ വര്‍ഷം നടന്ന ട്വന്റി 20 ലോകകപ്പ് എന്നിവയില്‍ ഗംഭീറിന് കീഴില്‍ ഇന്ത്യ കിരീടം നേടിയിരുന്നു. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ടീമിന്റെ പ്രകടനം ശരാശരിക്ക് താഴെയാണ് എന്നത് ഗംഭീറിനെ കാര്യമായി നിരാശപ്പെടുത്തുന്നുണ്ട്.