കന്നേറ്റി പാലത്തിന് സമീപം അടിപ്പാത നിർമ്മിക്കും: എം.പി

Friday 13 March 2026 12:40 AM IST
കന്നേറ്റി പാലത്തിന് സമീപം ദേശീയപാതയുടെ കിഴക്കും പടിഞ്ഞാറുമുളളവർക്ക് ഗതാഗതം സുഗമമാക്കാൻ അടിപ്പാത നിർമ്മിക്കുന്നത് സംബന്ധിച്ച് എൻ.കെ പ്രേമചന്ദ്രൻ എം.പി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി സംസാരിക്കുന്നു

കൊല്ലം: ദേശീയപാത 66 ൽ കന്നേറ്റി പാലത്തിന് സമീപം ദേശീയപാതയുടെ കിഴക്കും പടിഞ്ഞാറുമുളളവർക്ക് ഗതാഗതം സുഗമമാക്കാൻ അടിപ്പാത നിർമ്മിക്കുന്നത് അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരി ഉറപ്പ് നൽകിയതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു.

കന്നേറ്റി പാലത്തിന് സമീപം അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിയേയും ദേശീയപാത അതോറിട്ടി ഉന്നത ഉ​ദ്യോഗസ്ഥരെയും ഡെൽഹിയിൽ നേരിൽ കണ്ട് ചർച്ച നടത്തിയപ്പോഴാണ് ഉറപ്പ് ലഭിച്ചത്. കന്നേറ്റി പാലത്തിന് സമീപമുള്ള ദേശീയപാത സർവീസ് റോഡുകളെക്കാൾ ഉയരത്തിലാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധാനാലയങ്ങളും പൊതു സ്ഥാപനങ്ങളും റോഡിന്റെ ഇരുവശങ്ങളിലാണ്. കിഴക്കും പടിഞ്ഞാറുമുള്ള പ്രദേശത്ത് ജനസാന്ദ്രതയും കൂടുതലാണ്. അടിപ്പാത നിർമ്മിക്കാതിരുന്നാൽ ഇരു വശങ്ങളിലും എത്തിചേരാൻ വളരെയേറെ ബുദ്ധിമുട്ടുണ്ടാകും. ഇക്കാര്യങ്ങൾ മന്ത്രിയെ നേരിൽ കണ്ട് വിശദീകരിച്ചു. പുതിയപാലം നിർമ്മിക്കുമ്പോൾ അനുയോജ്യമായ സ്ഥലം കണ്ടെത്തി അടിപ്പാത നിർമ്മാണം അനുഭാവപുർവ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി എം.പി അറിയിച്ചു.