പോറ്റിയുടെ പരാതി ഗൂഢാലോചനയുടെ ഭാഗം: കടകംപള്ളി സുരേന്ദ്രൻ

Friday 13 March 2026 12:54 AM IST

തിരുവനന്തപുരം: തനിക്കെതിരെ ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ പരാതി കൃത്യമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ തനിക്കും ഇടതുപക്ഷത്തിനും മേൽക്കൈ ഉള്ളതിനാൽ തന്നെ അപമാനിക്കാൻ നടത്തുന്ന നീക്കത്തിന്റെ ഭാഗമാണിത്. പരാതിക്കുപിന്നിൽ ആരെന്ന് അറിയാമെങ്കിലും അത് ഇപ്പോൾ പറഞ്ഞാൽ ശരിയാവില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

തന്റെ ചില സ്നേഹിതന്മാരുടെ ഗൂഢാലോചനയാണ് പരാതിക്കുപിന്നിൽ. പരാതിയുടെ പകർപ്പ് ലഭിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. അതെല്ലാം സന്ദർഭം വരുമ്പോൾ പുറത്തുപറയും. പ്രതിഭ എന്നൊരാളുമായി ചേർന്ന് താൻ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. പ്രതിഭ ആരാണെന്ന് അറിയാതിരുന്നതിനാലാണ് ആദ്യദിവസം പ്രതികരിക്കാതിരുന്നത്. തന്റെ നിയോജക മണ്ഡലത്തിൽ സ്കൂൾ നടത്തിയിരുന്ന വ്യക്തിയാണ് പ്രതിഭയെന്ന് പിന്നീട് അറിഞ്ഞു. അവർക്ക് സാമ്പത്തിക പ്രതിസന്ധിയുള്ളതായും കേട്ടിട്ടുണ്ട്. ചിലർ അക്കാര്യം പറഞ്ഞ് സമീപിച്ചപ്പോൾ പാർട്ടി നേതാക്കളെ കാണാനാണ് പറഞ്ഞത്. അങ്ങനെയൊരു സ്ത്രീയുടെ സാമ്പത്തിക വിഷയത്തിൽ തനിക്ക് ബന്ധമില്ല. പിന്നെന്തിനാണ് പോറ്റി തനിക്കെതിരെ പരാതി നൽകിയതെന്നും അറിയില്ല. ആകെ അറിയാവുന്നത് യു.പ്രതിഭയെ മാത്രമാണ്.

പത്തുവർഷത്തിനിടെ താനൊരു പൊലീസ് സ്റ്റേഷനിലും പോയിട്ടില്ല. തുമ്പ പൊലീസ് സ്റ്റേഷനിൽ പോയത് ഉദ്ഘാടന സമയത്ത് മാത്രമാണ്. ആരുടെയും സാമ്പത്തിക പ്രശ്നങ്ങളിൽ താൻ ഇടപെടാറില്ല. അത്തരം സന്ദർഭങ്ങളിൽ പാർട്ടിസഖാക്കളുടെ അടുത്തേക്ക് വിടാറാണ് പതിവ്. താൻ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാദ്ധ്യത തെളിഞ്ഞ ഘട്ടത്തിലാണ് പോറ്റിയുടെ പരാതിയെന്നതും ശ്രദ്ധേയമാണ്. തനിക്കെതിരായ വ്യാജപരാതിക്കു പിന്നിലെ ഗൂഢാലോചനക്കാരെ അനുയോജ്യ സമയത്ത് പുറത്തുകൊണ്ടുവരുമെന്നും കടകംപള്ളി വ്യക്തമാക്കി.