ഗവേഷണ പ്രതിഭ അഗസ്തിക്ക് വിട

Friday 13 March 2026 1:41 AM IST

തിരുവനന്തപുരം: പ്രഗത്ഭനായ ബയോ കെമിസ്ട്രി ശാസ്ത്രജ്ഞനും അദ്ധ്യാപകനുമായ ഡോ. കെ.ടി. അഗസ്തി കുന്നേത്തേടത്തിന് (93) നാടിന്റെ യാത്രാമൊഴി. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നാണ് അന്ത്യം. നാലാഞ്ചിറ ലൂർദ് സെമിത്തേരിയിൽ സംസ്കാരം നടന്നു. പാലാ സ്വദേശിയാണ്.

കേരള സർവ്വകലാശാലയിലും നൈജീരിയയിലെ യൂണിവേഴ്സിറ്റി ഒഫ് മൈദുഗുരിയിലുമായി നാലു പതിറ്റാണ്ടിലേറെ അദ്ധ്യാപന-ഗവേഷണ മേഖലകളിൽ സജീവമായിരുന്നു. വെളുത്തുള്ളി ഉൾപ്പെടെയുള്ള അല്ലിയം വർഗത്തിൽപ്പെട്ട സസ്യങ്ങളുടെ ഔഷധഗുണങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങൾ ആഗോള ശ്രദ്ധ നേടി. 2020-ൽ സ്റ്റാൻഫോർഡ് സർവകലാശാല ലോകത്തിലെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരെ തിരഞ്ഞെടുത്തപ്പോൾ ടോക്സിക്കോളജി സൈറ്റേഷൻ വിഭാഗത്തിൽ അദ്ദേഹം ഉൾപ്പെട്ടിരുന്നു.

ഭാര്യ: ആലീസ് (കാരുവേലിൽ, കടപ്ലാമറ്റം കുടുംബാംഗം). മക്കൾ: തോമസ് അഗസ്റ്റിൻ (റിട്ട. ചീഫ് മാനേജർ, ഫെഡറൽ ബാങ്ക്), ജോസ് അഗസ്റ്റിൻ (ന്യൂസിലാന്റ്, മുൻ കൃഷി ഓഫീസർ, കേരള കൃഷി വകുപ്പ്), ഡോ. പോൾ അഗസ്റ്റിൻ (തിരുവനന്തപുരം ആർ.സി.സി.യിലെ സർജിക്കൽ ഓങ്കോളജി വിഭാഗം മുൻ മേധാവി). മരുമക്കൾ: ജിജി (മാമ്പിള്ളി, തൃശൂർ), ഡോ. ജാസ്മിൻ (മാരേട്ട്, തിരുവനന്തപുരം), ഡോ. റെജി (ഓലിക്കൽ, ഭരണങ്ങാനം).