നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണ ഹർജിയിൽ വിധി 16ലേക്ക് മാറ്റി  

Friday 13 March 2026 1:47 AM IST

തലശേരി: കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ നൽകിയ ഹർജിയിൽ 16ന് വിധി പറയും. വ്യാഴാഴ്ച പരിഗണിച്ച ഹർജി മാറ്റുകയായിരുന്നു. ഹർജി ഭാഗം അഭിഭാഷകന്റെയും പ്രോസിക്യൂഷന്റെയും വാദം കേട്ട തലശേരി അഡിഷണൽ ജില്ലാകോടതി (രണ്ട്) ആണ് വിധി പറയുന്നത്. അന്വേഷണത്തിൽ സംശയം ഉന്നയിച്ചാണ് നവീൻ ബാബുവിന്റെ ഭാര്യ അഭിഭാഷകൻ മുഖേന ഹർജി നൽകിയത്.

പ്രതിയുടെ ഫോൺ സംഭാഷണം അന്വേഷണസംഘം മുമ്പാകെ ഹാജരാക്കിയില്ലെന്ന് നവീൻ ബാബുവിന്റെ ഭാര്യക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ജോൺ എസ്.റാൽഫ് വാദിച്ചിരുന്നു.അതിനാൽ പുനരന്വേഷണം വേണമെന്നാണ് ആവശ്യം. അതേസമയം, അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടു പോയതെന്നും പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്കുമാറും വാദിച്ചിരുന്നു. 2024 ഒക്ടോബർ 15ന് രാവിലെയാണ് പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടത്.