തലസ്ഥാനത്തെ ഹോട്ടലിൽ മോഷണം; പണം തൊട്ടില്ല, കള്ളൻ കൊണ്ടുപോയത് നിറഞ്ഞിരുന്ന ഗ്യാസ് കുറ്റി

Friday 13 March 2026 10:46 AM IST

തിരുവനന്തപുരം: എൽജിപി ക്ഷാമം പ്രതിസന്ധിയാകുന്നതിനിടെ തലസ്ഥാനത്തെ ഹോട്ടലിൽ നിന്ന് ഗ്യാസ് സിലിണ്ടർ മോഷണം പോയതായി പരാതി. തിരുവനന്തപുരം ചാലയിലെ വി എസ് ഹോട്ടലിൽ നിന്നാണ് സിലിണ്ടർ മോഷ്ടിക്കപ്പെട്ടത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. നിറയെ ഗ്യാസുണ്ടായിരുന്നു സിലിണ്ടറാണ് കള്ളൻ മോഷ്ടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ഹോട്ടലിന്റെ അടുക്കള വഴി അകത്തേയ്ക്ക് കടന്നാണ് മോഷ്ടാവ് സിലിണ്ടർ കവർന്നത്. ഹോട്ടലിലെ വൈദ്യുതി ഓഫ് ചെയ്തതിനുശേഷമായിരുന്നു മോഷണം. മൂന്ന് സിലിണ്ടറുകളായിരുന്നു ഹോട്ടലിലുണ്ടായിരുന്നത്. രണ്ടെണ്ണം ഉപയോഗിച്ചതും ഒന്ന് ഉപയോഗിക്കാത്തതും. ഇതിൽ പുതിയ സിലിണ്ടറാണ് മോഷ്ടിക്കപ്പെട്ടത്. മോഷണത്തെത്തുടർന്ന് എൽപിജി ലഭ്യമല്ലാതായതോടെ ഹോട്ടൽ പൂട്ടേണ്ട അവസ്ഥയിലാണെന്ന് ഉടമയായ അർച്ചന പറയുന്നു.

രാവിലെ ഹോട്ടലിലെത്തിയപ്പോൾ വൈദ്യുതി ഓഫായിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസിലാക്കുന്നത്. ഹോട്ടൽ പൂട്ടിയ നിലയിൽ തന്നെയായിരുന്നു. സിസിടിവി ശ്രദ്ധയിൽപ്പെട്ട മോഷ്ടാവ് കൈശമുണ്ടായിരുന്ന ചാക്കുകൊണ്ട് മുഖം മറച്ചതിനുശേഷം ക്യാമറ തിരിച്ചുവച്ചു. പൊലീസിൽ പരാതി നൽകുമെന്നും പ്രദേശവാസിയായ ഒരാളെ സംശയമുണ്ടെന്നും അർച്ചന പറഞ്ഞു.