ഏകമകൻ ട്രെയിൻതട്ടി മരിച്ചു; രണ്ടുമാസത്തിനുശേഷം ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ

Friday 13 March 2026 12:20 PM IST

കാസർകോട്: ദമ്പതികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാസർകോട് പൊയ്‌നാച്ചിപ്പറമ്പിലാണ് സംഭവം. വേണുഗോപാൽ (50), ഭാര്യ സ്‌മിത (40) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെ ഹാളിൽ ദമ്പതികളെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.

ഡിസംബർ 29ന് ദമ്പതികളുടെ ഏകമകൻ ശിവാനന്ദ് (19) ട്രെയിൻ തട്ടി മരിച്ചിരുന്നു. റാപ്പർ വേടന്റെ സംഗീത പരിപാടി കാണാനെത്തിയ യുവാവ് ട്രെയിൻ തട്ടി മരണപ്പെടുകയായിരുന്നു. എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു ശിവാനന്ദ്. ഏകമകന്റെ മരണത്തെത്തുടർന്ന് ദമ്പതികൾ കടുത്ത മാനസികവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ചികിത്സയും തേടിയിരുന്നു. ഏകമകൻ നഷ്ടപ്പെട്ടതിനാൽ ഇനി ജീവിക്കുന്നില്ലെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.