'ശബരിമല യുവതീപ്രവേശനം; സിപിഎം നിലപാടിൽ മാറ്റമില്ല'

Friday 13 March 2026 3:53 PM IST

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിലെ സിപിഎം നിലപാടിൽ മാറ്റമില്ലെന്ന് എംവി ഗോവിന്ദൻ. ആചാരങ്ങളുമായി ബന്ധപ്പെട്ട്‌ നിൽക്കുന്ന വിദഗ്‌ദ്ധരുമായി ചർച്ചനടത്തിയ ശേഷം ഭരണഘടനാപരമായി ഉചിതമായ നിലപാട് സർക്കാർ സുപ്രീംകോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'യുവതീപ്രവേശന നടപടി വേണോ വേണ്ടയോ എന്നുള്ളതല്ല സുപ്രീംകോടതിയുടെ ചോദ്യം. ആകെയുള്ള ഏഴ് ചോദ്യങ്ങളിൽ ഒന്നിൽപ്പോലും അങ്ങനെയില്ല. ഇന്നത്തെ സാമൂഹികാവസ്ഥയിൽ നിന്നുകൊണ്ട് നിയമപരമായ കാര്യങ്ങൾ ചെയ്യും'- എംവി ഗോവിന്ദൻ പറഞ്ഞു.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും തീരുമാനം ഈ മാസം 14നകം അറിയിക്കണമെന്നാണ് സുപ്രീംകോടതി നി‌ർദേശം. യുവതീപ്രവേശനത്തെ അനുകൂലിച്ച മുൻ നിലപാട് തിരുത്താൻ ദേവസ്വം ബോർഡ് അടുത്തിടെ തീരുമാനിച്ചിരുന്നു. 2019ലെ ബോർഡാണ് അനുകൂലിച്ചുള്ള സത്യവാങ്മൂലം നൽകിയിരുന്നത്. ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാണ് ബോർഡിന്റെ പുതിയ നിലപാട്. സുപ്രീംകോടതി 2018ൽ പുറപ്പെടുവിച്ച യുവതീപ്രവേശനത്തിന് അനുകൂലമായ വിധിയെ എതിർക്കാനും തീരുമാനിച്ചിരുന്നു.

മാർച്ച് 14നകം നിലപാടുകൾ എഴുതി നൽകണമെന്നാണ് സുപ്രീംകോടതി നിർദ്ദേശം. മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട 7 ചോദ്യങ്ങളാണ് ഒമ്പതംഗ ബെഞ്ച് മുൻപാകെയുള്ളത്. ഏപ്രിൽ 7ന് വാദം തുടങ്ങുമെന്നാണ് കോടതി വ്യക്തമാക്കിയത്.