ചിക്കൻപോക്സ് പിടിമുറുക്കുന്നു

Saturday 14 March 2026 2:10 AM IST

മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

കോലഞ്ചേരി: വേനൽ കടുത്തതോടെ ജില്ലയുടെ കിഴക്കൻ മേഖല ചിക്കൻപോക്സ് ഭീതിയിൽ. രോഗം സങ്കീർണമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ശ്വസിക്കുമ്പോഴും രോഗിയുമായി അടുത്തിടപഴകുമ്പോഴുമാണ് രോഗാണുക്കൾ മറ്റുള്ളവരിലേക്ക് പ്രവേശിക്കുന്നതും രോഗബാധ ഉണ്ടാവുന്നതും. വെരിസെല്ല സോസ്റ്റർ എന്ന വൈറസാണ് രോഗം പരത്തുന്നത്. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും രോഗാണുക്കൾ വായുവിലൂടെ പകരാം. 10 വയസിൽ താഴെയുള്ള കുട്ടികളിലാണ് രോഗമേറെയും പിടിപെടുന്നത്. കുട്ടികളിൽ കാണപ്പെടുന്നത് സാധാരണ തരത്തിലായിരിക്കും. എന്നാൽ മുതിർന്നവരിൽ രോഗം കൂടുതൽ സങ്കീർണമായേക്കാം.

എങ്ങനെ പ്രതിരോധിക്കാം

വ്യക്തിശുചിത്വം പാലിക്കണം

കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം

രോഗിയുമായുള്ള സമ്പർക്കം നിയന്ത്രിക്കണം

ചുമയ്ക്കുമ്പോൾ വായും മൂക്കും തൂവാല ഉപയോഗിച്ച് പൊത്തിപ്പിടിക്കണം

രോഗി ഉപയോഗിച്ച പാത്രം, വസ്ത്രം എന്നിവ അണുവിമുക്തമാക്കുക

രോഗിയെ വായുസഞ്ചാരമുള്ള മുറിയിൽ വിശ്രമിക്കാൻ അനുവദിക്കുക

രോഗിക്ക് പോഷകാഹാരവും പഴങ്ങളും ധാരാളം വെള്ളവും നൽകണം

കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവർ കൂടുതൽ ശ്രദ്ധിക്കണം

രോഗി പൂർണമായും വിശ്രമിക്കണം. ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്ന് കഴിക്കണം. രോഗലക്ഷണം പ്രകടമാവുന്നതിന് മുമ്പും ലക്ഷണങ്ങൾ തുടങ്ങി നാല് അഞ്ച് ദിവസം വരെയും മറ്റുള്ളവരിലേക്ക് പകരാം. പകരാതിരിക്കാൻ അതീവ ശ്രദ്ധ ആവശ്യമാണ്.

ഡോ. ഷൈന പീറ്റർ,

ഹോമിയോഡോക്ടർ,

കോലഞ്ചേരി

പ്രധാന ലക്ഷണങ്ങൾ

പനി, ശരീരവേദന, ശരീരത്തിൽ കുമിളകൾ പ്രത്യക്ഷപ്പെടുക, കഠിനമായ ക്ഷീണം

രോഗത്തിന്റെ ആരംഭത്തിൽ തലയുൾപ്പെടെയുള്ള ശരീരഭാഗങ്ങളിൽ ചെറിയ ചുവന്ന തടിപ്പുകൾ പ്രത്യക്ഷപ്പെടുന്നു.

മുഖം, നെഞ്ച്, തലയോട്ടി എന്നിവിടങ്ങളിലാണ് ആദ്യം കുരുക്കൾ പ്രത്യക്ഷപ്പെടുക

മരുന്ന് സർക്കാർ ആശുപത്രികളിൽ സൗജന്യം

ചിക്കൻപോക്സ് ചികിത്സയ്ക്കുള്ള മരുന്ന് സർക്കാർ ആശുപത്രികളിൽ നിന്ന് സൗജന്യമായി ലഭിക്കും. രോഗാരംഭത്തിൽ തന്നെ മരുന്ന് കഴിച്ചാൽ രോഗം സങ്കീർണമാകുന്നത് തടയാം. വേഗത്തിൽ പകരുന്ന വൈറസ് രോഗമാണ് ചിക്കൻപോക്സ്.