കണ്ണൂർ എന്റെ ഹൃദയരക്തം സീറ്റ് നിഷേധത്തിൽ അതൃപ്തി പരസ്യമാക്കി കെ.സുധാകരൻ
കണ്ണൂരിലേക്ക് മടങ്ങയതിനു പിന്നാലെ ഫേസ് ബുക്ക് കുറിപ്പ് ഡൽഹിയിലേക്ക് വിളിപ്പിച്ചു
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കാൻ അനുമതി ലഭിക്കില്ലെന്ന സൂചനയെ തുടർന്ന് ഡൽഹിയിൽ നിന്ന് മടങ്ങിയ
മുതിർന്ന കോൺഗ്രസ് നേതാവ് കെ.സുധാകരൻ എം.പി വൈകാരിക കുറിപ്പിലൂടെ നിലപാട് കടുപ്പിച്ചു.
'കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ് എന്നും എന്റെ മേൽവിലാസവുമാണ്' എന്ന പരാമർശത്തോടെയാണ് ഫേസ് ബുക്കിൽ കുറിപ്പിട്ടത്. പിന്നാലെ
കണ്ണൂർ നഗരത്തിൽ സുധാകരനെ അനുകൂലിക്കുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. 'കണ്ണൂരിന്റെ ലീഡർ കെ.സുധാകരനെ മത്സരിപ്പിക്കുക', 'ഒതുക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതമുണ്ടാകും' ഇത്തരത്തിലാണ് പോസ്റ്റർ.
പ്രശ്നം നിസാരമല്ലെന്ന് തിരിച്ചറിഞ്ഞതോടെ ഡൽഹിയിലെത്താൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരിക്കുകയാണ്.
ഡൽഹിയിൽ നടന്ന കോൺഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റി ചർച്ചകളിൽ സുധാകരൻ നേരിട്ടെത്തി കണ്ണൂരിൽ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു. കെ.പി.സി.സി അദ്ധ്യക്ഷ പദവിയിൽ നിന്ന് മാറ്റുമ്പോൾ നൽകിയ വാഗ്ദാനം പാലിക്കണമെന്നാണ് ആവശ്യപ്പെട്ടത്. അനുകൂല പ്രതികരണം ഉണ്ടാകാതെ വന്നതോടെ പാർലമെന്റ് സമ്മേളനത്തിൽപോലും പങ്കെടുക്കാതെ മടങ്ങുകയായിരുന്നു. മറ്റ് പരിപാടികളുള്ളതിനാൽ മടങ്ങിയെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം. കണ്ണൂരിലെത്തിയ സുധാകരനെ ജില്ലയിലെ പ്രധാന നേതാക്കൾ സന്ദർശിച്ചു. ഡി.സി.സി ഓഫീസ് പരിസരത്തും കോർപ്പറേഷൻ ഓഫീസിനു മുന്നിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്നലെ രാവിലെ ഇവ പൂർണമായും നശിപ്പിച്ചു.
ഹൈക്കമാൻഡ്
ഉറച്ച നിലപാടിൽ എം.പിമാർ മത്സരിക്കേണ്ടതില്ലെന്നാണ് ഹൈക്കമാൻഡ് നിലപാട്. ഒരാൾക്ക് ഇളവ് നൽകിയാൽ മറ്റ് അഞ്ച് എം.പിമാർവരെ ഇതേ ആവശ്യം ഉന്നയിക്കുമെന്നും ഐക്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാൻ കഴിയാതെ വരുമെന്നും നേതൃത്വം ഭയക്കുന്നു. കണ്ണൂരിൽ സുധാകരൻ നിർദ്ദേശിക്കുന്നയാളെ മത്സരിപ്പിക്കാമെന്ന ഒത്തുതീർപ്പ് നിർദേശം കെ.പി.സി.സി മുന്നോട്ടുവച്ചിട്ടുണ്ട്.
'ചോരവീണ മണ്ണിൽ തല
ഉയർത്തി നിൽക്കും'
പോസ്റ്റിന്റെ പ്രസക്ത ഭാഗം: 'കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ് എന്നും എന്റെ മേൽവിലാസവുമാണ്.
കണ്ണൂർ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോൺഗ്രസുകാരുടെ ത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോൺഗ്രസിന്റെ ത്രിവർണ്ണ പതാക നെഞ്ചിലേറ്റി കെ. സുധാകരൻ എന്നും മുന്നിൽ തന്നെ ഉണ്ടാകും. എന്റെ ചോരയും വിയർപ്പും വീണ മണ്ണിൽ, എന്റെ സഹപ്രവർത്തകരുടെ ചോരവീണ മണ്ണിൽ, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളർന്ന വിലാപങ്ങളുയർന്ന മണ്ണിൽ കെ.സുധാകരൻ തലയുയർത്തി നില്ക്കും".