പ്രതീക്ഷയോടെ സി.സി. മുകുന്ദൻ ഡൽഹിയിൽ
Saturday 14 March 2026 12:16 AM IST
ന്യൂഡൽഹി: നാട്ടികയിൽ കോൺഗ്രസ് പിന്തുണയുള്ള സ്വതന്ത്രനായി മത്സരിക്കാമെന്ന പ്രതീക്ഷയിൽ മുൻ സി.പി.ഐ നേതാവ് സി.സി. മുകുന്ദൻ എം.എൽ.എ ഡൽഹിയിൽ തുടരുന്നു. ഇന്നലെ കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണിജോസഫ്, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരെ കേരളാഹൗസിൽ വച്ച് മുകുന്ദൻ കണ്ടിരുന്നു. ഹൈക്കമാൻഡ് നിർദ്ദേശം വരുന്നതുവരെ തുടരാനാണ് അദ്ദേഹത്തിന് ലഭിച്ച നിർദ്ദേശമെന്നറിയുന്നു.
സി.പി.ഐ പുറത്താക്കിയ മുകുന്ദനെ നാട്ടികയിൽ സ്വതന്ത്രനായി മത്സരിപ്പിക്കാൻ കോൺഗ്രസിൽ നേരത്തെ ചർച്ച നടന്നിരുന്നു. എന്നാൽ, പ്രാദേശിക നേതാക്കളുടെ എതിർപ്പിനെ തുടർന്ന് സുനിൽ ലാലൂർ, സി.കെ.വിനോദ് എന്നിവരിലൊരാളെ സ്ഥാനാർത്ഥിയാക്കാൻ ധാരണയായിരുന്നു. അതേസമയം, സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് മുകുന്ദൻ ഡൽഹിയിൽ ചർച്ചയ്ക്കെത്തിയത്.