സി.പി.എം മാപ്പു പറയണം: കോൺഗ്രസ്
ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നുകണ്ട് ശബരിമല യുവതീപ്രവേശന കേസിൽ സത്യവാങ്മൂലം തിരുത്താൻ തീരുമാനിച്ച സി.പി.എം കുഴപ്പങ്ങൾ ഉണ്ടാക്കിയതിന് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശനും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ആവശ്യപ്പെട്ടു. യുവതീപ്രവേശനത്തെ എതിർത്ത പ്രതിപക്ഷം പിന്തിരിപ്പൻമാരും സി.പി.എം നവോത്ഥാന വാദികളുമാണെന്നാണ് അന്ന് പറഞ്ഞിരുന്നത്. ഇപ്പോഴത്തെ തീരുമാനം നേരത്തെ എടുത്തിരുന്നെങ്കിൽ കുഴപ്പങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു. പൊലീസിനെ ഉപയോഗിച്ച് യുവതികളെ പ്രവേശിപ്പിക്കേണ്ട കാര്യവും ഉണ്ടാകില്ലായിരുന്നുവെന്നും വി.ഡി.സതീശൻ പറഞ്ഞു. ശബരിമല ആചാരാനുഷ്ഠാനങ്ങളെ ലംഘിച്ച സി.പി.എം ക്ഷേത്രത്തിലെ പവിത്രമായ സ്വർണവും അമൂല്യവസ്തുക്കളും കട്ടെന്ന് കെ.സി.വേണുഗോപാൽ ആരോപിച്ചു. ഒരു വിശ്വാസിക്കും പൊറുക്കാൻ പറ്റാത്ത കൊടുംപാതകങ്ങളാണ് സി.പി.എം ശബരിമലയിൽ ചെയ്തത്.